മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും യു.ഡി.എഫ് മുന്നേറ്റം, പകച്ച് എൽ.ഡി.എഫ്

Thursday 23 May 2019 10:50 AM IST

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് യു.ഡി.എഫിന്റെ മേൽക്കൈ. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ 19ലും യു.ഡി.എഫ് തന്നെയാണ് മുന്നിൽ. ആലപ്പുഴയിൽ എ.എം ആരിഫ് മാത്രമാണ് ഇടതുപക്ഷത്തിന് ആശ്വാസമായി നിൽക്കുന്നത്.

ധർമ്മടം മണ്ഡലത്തിൽ രണ്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 2819 വോട്ടിന് സുധാകരൻ ലീഡ് ചെയ്യുകയാണ്. ഇടത് കോട്ടകളിൽ കടന്ന് കയറിയുള്ള പ്രകടനമാണ് സുധാകരൻ കാഴ്ചവയ്ക്കുന്നത്.

ധർമ്മടത്തിന് പുറമെ ഇരിക്കൂർ, പേരാവൂർ, കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലും സുധാകരൻ മുന്നേറുകയാണ്. മട്ടന്നൂരും തളിപ്പറമ്പിലും മാത്രമാണ് പി കെ ശ്രീമതിക്ക് മുന്നേറാനായത്. ഇടത് മുന്നണി കഴിഞ്ഞ തവണ വലിയ മുന്നേറ്റമുണ്ടാക്കിയ മട്ടന്നൂരിൽ 200ലേറെ വോട്ടുകളുടെ മുന്നേറ്റം മാത്രമാണ് ശ്രീമതിക്ക് ഇതുവരെ ഉണ്ടാക്കാനായത്. 1400 ഓളം വോട്ടുകൾ മാത്രമാണ് തളിപ്പറമ്പിലെ ലീഡ്.

20.29 ശതമാനം വോട്ട് എണ്ണി തീർന്നപ്പോൾ 18323 വോട്ടുകൾക്ക് സുധാകരൻ മുന്നിലാണ്. പി കെ ശ്രീമതിക്ക് ഇതുവരെ 88485 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിന് മുകളിലാണ് സുധാകരന്റെ വോട്ടുനില.