പാലക്കാട് ശക്തമായ ന്യൂനപക്ഷ കേന്ദ്രീകരണം നടന്നുവെന്ന് എം.ബി.രാജേഷ്

Thursday 23 May 2019 12:22 PM IST

പാലക്കാട്: തങ്ങളുടെ കരുത്തുറ്റ സ്ഥാനാർത്ഥിയായ പാലക്കാട്ടെ എം.ബി.രാജേഷിന്റെ വീഴ്‌ചയിൽ അമ്പരന്ന് സി.പി.എം നേതൃത്വം. യു.ഡി.എഫ് സ്ഥാനാർത്ഥിയായ വി.കെ ശ്രീകണ്ഠൻ 23436 വോട്ടുകളുടെ ലീഡിനാണ് എം.ബി.രാജേഷിനെ പിന്നിലാക്കിയിരിക്കുന്നത്. രാജേഷിന് ഇതുവരെ 259646 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ 283082 വോട്ടുകൾ ശ്രീകണ്ഠന് ലഭിച്ചു കഴിഞ്ഞു. 69.5 ശതമാനം വോട്ടുകൾ ഇതുവരെ എണ്ണി കഴിഞ്ഞു.

ശക്തമായ ന്യൂനപക്ഷ കേന്ദ്രീകരമാണ് കാണാൻ കഴിയുന്നതെന്നായിരുന്നു എം.ബി രാജേഷിന്റെ പ്രതികരണം. എന്നാൽ ബി.ജെ.പിയ്‌ക്ക് വലിയ നേട്ടമുണ്ടായതായി കാണുന്നില്ല. പാലക്കാടൊഴികെ മറ്റിടങ്ങളിലെല്ലാം തന്നെ അവരുടെ വോട്ടുകൾ ബി.ജെ.പിയ്‌ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് സംശയമാണെന്നും രാജേഷ് പ്രതികരിച്ചു.

അതേസമയം,​ സിപിഎം ശക്തികേന്ദ്രങ്ങളിലെ പിന്നോട്ടുപോക്ക് പാർട്ടിയിൽ പൊട്ടിത്തറി ഉണ്ടാക്കുമെന്ന് ഉറപ്പാണ്. നിലവിലെ കണക്ക് അനുസരിച്ച് പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട് എന്നിവിടങ്ങളിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്. മലമ്പുഴയിൽ മാത്രമാണ് എൽ.ഡി.എഫിന് മേൽക്കൈ ഉള്ളത്. സി.പി.എം ജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്.