സൂപ്പർ ഫെെനലിൽ അയൽപക്കപ്പോര്; ചരിത്രം കുറിക്കാൻ സഞ്ജു, കീഴടക്കാൻ പാണ്ഡ്യ, കലാശക്കൊട്ടിന് പ്രത്യേകതകളേറെ

Sunday 29 May 2022 9:43 AM IST

അഹമ്മദാബാദ് : ഐ.പി.എൽ പതിനഞ്ചാം സീസണിന് ഇന്ന് കലാശക്കൊട്ട്. ഹാർദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസും മലയാളി താരം സഞ്ജു സാംസൺ ക്യാപ്ടനായ രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഫൈനൽ പോരാട്ടം രാത്രി എട്ട് മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. ക്വാളിഫയർ ഒന്നിൽ രാജസ്ഥാനെ കീഴടക്കിയാണ് ഗുജറാത്ത് ഫൈനലിൽ എത്തിയത്.

ക്വാളിഫയർ രണ്ടിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ചീട്ട് കീറിയാണ് രാജസ്ഥാൻ ഫൈനലിന് ടിക്കറ്റെടുത്തത്. ലീഗ് ഘട്ടത്തിൽ ഗുജറാത്ത് ഒന്നാമതും രാജസ്ഥാൻ രണ്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. സൂപ്പ‌ർ താരനിരയില്ലെങ്കിലും ടീമെന്ന നിലയിൽ കാണിച്ച ഒത്തിണക്കമാണ് ഇരുടീമിനേയും ഫൈനൽ വരെയെത്തിച്ചത്. ആറ് ബാറ്റർമാരേയും അ‌ഞ്ച് ബൗളർമാരേയും കളത്തിലിറക്കിയുള്ള സ്ട്രാറ്റജിയാണ് ഇരുടീമും ടൂർമമെന്റിലുടനീളം പ്രധാനമായും സ്വീകരിച്ചത്.

അയൽപക്കപ്പോര്

ഗുജറാത്തും രാജസ്ഥാനും അടുത്തടുത്തുള്ള സംസ്ഥാനങ്ങളാണ്. അതിനാൽ തന്നെ ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഐ.പി.എൽ ഫൈനൽ അയൽക്കാർ തമ്മിലുള്ള പോരാട്ടമായി മാറിക്കഴിഞ്ഞു.

നേർക്കുനേർ

നേർക്കുനേർ വന്ന രണ്ട് മത്സരത്തിലും ഗുജറാത്ത് ടൈറ്റൻസിനായിരുന്നു ജയം. ആദ്യ സീസണിൽ തന്നെ ഫെെനലിൽ എത്താനായതിന്റെ ആത്മവിശ്വാസവും ടെെറ്റൻസിനുണ്ട്.

കന്നിക്കിരീടം തേടി ഗുജറാത്ത്

അരങ്ങേറ്റ സീസണിൽ തന്നെ ഐ.പി.എൽ കിരീടം സ്വന്തമാക്കുകയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ലക്ഷ്യം. അഹമ്മദാബാദ് ആസ്ഥാനമായി സി.വി.സി ക്യാപിറ്റൽസിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ഗുജറാത്ത് ടൈറ്റൻസിന്റെ അരങ്ങേറ്റ ഐ.പി.എൽ സീസണാണിത്. ആശിഷ് നെഹ്‌റ പ്രധാന പരിശീലകനായ ഗുജറാത്ത് ഹാർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.

ക്യാപ്ടനായി ഹാർദ്ദിക് മുന്നിൽ നിന്ന് നയിച്ചപ്പോൾ മില്ലറും തെവാത്തിയയും റഷീദും സാഹയും ഷമിയും ശുഭ്‌മാൻ ഗില്ലുമെല്ലാം പലഘട്ടത്തിലും മാച്ച് വിന്നർമാരായി ടീമിന്റെ രക്ഷയ്ക്കെത്തി. റൺ ചേസിംഗിലും പ്രതിരോധിക്കുന്നതിലുമെല്ലാം ഒരു പോലെ മികവ് കാട്ടി. 180ൽ കൂടുതലുള്ള ടോട്ടലുകൾ അവർ അനായാസം ചേസ് ചെയ്തു. ഇതുവരെയുള്ള പ്രകടനമികവ് ഫൈനലിലും പുറത്തെടുക്കാനാകുമെന്നാണ് ഗുജറാത്തിന്റെ പ്രതീക്ഷ.

വാണിനായി കപ്പടിക്കാൻ റോയൽസ്

2008ൽ ഐ.പി.എൽ ഉദ്ഘാടന സീസണിൽ രാജസ്ഥാൻ റോയൽസിനെ ചാമ്പ്യൻമാരാക്കിയ നായകൻ ഷേൻ വാണിന് കിരീടം നേടി ശ്രദ്ധാഞ്ജലി അർപ്പിക്കാനാണ് സഞ്ജു സാംസണും സംഘവും ഒരുങ്ങുന്നത്. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു വാണിന്റെ അപ്രതീക്ഷിത വിയോഗം. വാണിനെ എക്കാലത്തേയും ആദ്യ റോയൽ എന്നാണ് രാജസ്ഥാൻ വിശേഷിപ്പിക്കുന്നത്.

2008ന് ശേഷം രാജസ്ഥാൻ കളിക്കുന്ന ആദ്യ ഐ.പി.എൽ ഫൈനലാണ് ഇത്തവണത്തേത്. ക്വാളിഫയർ 1ൽ തങ്ങളെ കീഴടക്കിയ ഗുജറാത്തിനോട് പകരം വീട്ടി കപ്പ് സ്വന്തമാക്കാൻ വാണിന്റെ ഓർമ്മകൾ രാജസ്ഥാന് പ്രചോദനമാണ്.

പ്രധാന പരിശീലകൻ കുമാർ സംഗക്കാരയും ലസിത് മലിംഗ ഉൾപ്പടെയുള്ള പരിശീലന സംഘാംഗങ്ങൾ രാജസ്ഥാന്റെ ഇത്തവണത്തെ കുതിപ്പിന് പിന്നിലെ പ്രധാന ചാലകശക്തികളാണ്. ജോസ് ബട്ട്‌ലറുടെ മികച്ച ഫോമാണ് രാജസ്ഥാന്റെ വലിയ പ്ലസ് പോയിന്റ്.

രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂരിനെ തകർത്തതുൾപ്പെടെ 4 സെഞ്ച്വറികൾ ബട്ട്‌ലർ നേടിക്കഴിഞ്ഞു. ടീമിൽ നിന്ന് പുറത്തായ ശേഷം രണ്ടാം വരവിൽ താളം കണ്ടെത്തിയ യശ്വസി ജയ്‌സ്വാൾ ബട്ട്‌ലർക്കൊപ്പം ഓപ്പണിംഗിൽ നൽകുന്ന മികച്ച തുടക്കം രാജസ്ഥാന് മുതൽക്കൂട്ടാണ്.

സഞ്ജുവും നിർണായക സംഭാവന നൽകുന്നുണ്ട്. ഹെറ്റ്മയർ, പരാഗ് എന്നിവരുടെ ഫിനിഷിംഗും സീസണിലെ ഏറ്രവും മികച്ച സ്പിൻ കൂട്ടുകെട്ടായ അശ്വിൻ-ചഹൽ സഖ്യവും ബൗൾട്ട്, പ്രസിദ്ധ്, മക്കേയ് എന്നിവർ നയിക്കുന്ന പേസ് നിരയും മികവ് തുടർന്നാൽ പതിന്നാല് വർഷത്തിന് ശേഷം കപ്പ് രാജസ്ഥാന്റെ ഷെൽഫിൽ എത്തും.

സൂപ്പർ സഞ്ജു

ഐ.പി.എൽ ഫൈനലിൽ ടീമിനെയെത്തിക്കുന്ന രണ്ടാമത്തെ ദക്ഷിണേന്ത്യൻ ക്യാപ്ടനും ആദ്യ മലയാളിയുമാണ് സഞ്ജു സാംസൺ. പ്രതിസന്ധികളിൽ സമ്മർദ്ദത്തിലാകാതെ ശാന്തമായി കാര്യങ്ങളെ സമാപിക്കുന്ന സഞ്ജു മികച്ച നായകനാണെന്ന് ഇതിനകം തന്നെ തെളിയിച്ചു കഴിഞ്ഞു.

സ്വാർത്ഥ ലാഭങ്ങൾ നോക്കാതെ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് വീശുന്ന സഞ്ജു ടീം മാൻ എന്ന നിലയിലും കൈയടി വാങ്ങുന്നുണ്ട്. സീനിയർ താരങ്ങളുടെ നിർദ്ദേശങ്ങളും നിർണായക സമയത്ത് തേടുന്ന സഞ്ജു ടീമിനെ ഈഗോ ക്ലാഷുകളില്ലാതെ ഒത്തിണക്കത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നു.

ഈ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് നേടിയത് രാജസ്ഥാൻ ഓപ്പണർ ജോസ് ബട്ട്‌ലറാണ് (824), ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരിൽ രാജസ്ഥാന്റെ യൂസ്‌വേന്ദ്ര ചഹാൽ (26) ബാംഗ്ലൂരിന്റെ വാനിൻഡു ഹസരങ്കയോടൊപ്പം ഒന്നാമതുണ്ട്.

ലൈവ് : സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലും

Advertisement
Advertisement