കോളേജുകളിൽ ഹെൽപ്പ് ഡസ്ക്, റാഗിംഗ് ചെറുക്കും

Monday 30 May 2022 3:43 AM IST

കണ്ണൂർ: സിന്ധു ജോയിക്കുശേഷം എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി വീണ്ടും ഒരു വനിത. കെ. അനുശ്രീ. സി.പി.എം പിണറായി ഏരിയാ കമ്മിറ്റി അംഗം എരുവട്ടിയിലെ ചെത്ത് തൊഴിലാളി കെ.പി. അനീഷ് കുമാറിന്റെയും ഗീതയുടെയും മകൾ. സംസ്കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രത്തിലെ എം.എ ഫിലോസഫി രണ്ടാം വർഷ വിദ്യാർത്ഥിനി. പുതിയ സ്ഥാനലബ്ധിയെയും, ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളെയും, വിദ്യാർത്ഥികൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപഭോഗം തടയുന്നതിനെയും കുറിച്ച് അനുശ്രീ കേരളകൗമുദിയോട് സംസാരിച്ചു.

₹ പാർട്ടി വിശ്വസിച്ച് ഏൽപ്പിച്ച സ്ഥാനം ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുകയാണ്. കൗമാരക്കാർക്കിടയിലെ മയക്കുമരുന്ന് ഉപയോഗം പോലുള്ള കാര്യങ്ങളിൽ ശക്തമായ ബോധവത്കരണം ആവശ്യമായി വരുന്ന കാലമാണിത്.

₹എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ നയം നടപ്പിലാക്കുകയാണ് ലക്ഷ്യം. രണ്ട് വർഷത്തിനു ശേഷമാണ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത്. ഈ അവസരത്തിൽ ഓൺലൈൻ ക്ലാസുകളെ മാത്രം ആശ്രയിച്ചിരുന്ന കുട്ടികളുടെ ആശങ്കയും പ്രയാസവും നീക്കേണ്ടതുണ്ട്. വിദ്യാഭ്യാസ നയത്തിലും വ‌ർഗ്ഗീയവിരുദ്ധ നിലപാടുകളിലും എസ്.എഫ്.ഐക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്.

₹എസ്.എഫ്.ഐ എല്ലാ കാലത്തും റാഗിംഗിനെതിരാണ്. കോളേജ് തുറക്കുന്ന ഘട്ടത്തിൽ എസ്.എഫ്.ഐ ഹെൽപ്പ് ഡസ്ക് ആരംഭിക്കും. പ്രവേശനത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ എല്ലാ ഇടപെടലുകളും നടത്തും. . ക്ലാസ് മുറികളിൽ ആന്റി റാഗിംഗ് സെൽ രൂപീകരിച്ച് എല്ലാ വിദ്യാർത്ഥികൾക്കും റാഗിംഗിനെതിരായ ബോധവത്കരണം നൽകും. നിയമ വശങ്ങൾ ബോദ്ധ്യപ്പെടുത്തും.ഒന്നാം വർഷ വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കും.

₹ഡിഗ്രി കാലഘട്ടത്തിൽ ബ്രണ്ണൻ കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിരുന്നു. കണ്ണൂർ സർവകലാശാല യൂണിയൻ വൈസ് ചെയർമാനായും സംസ്കൃത സർവ്വകലാശാല യൂണിയൻ ചെയർപേഴ്സണായും പ്രവർത്തിച്ചു.

₹നാട് എനിക്ക് നൽകിയിട്ടുള്ള ഊർജ്ജം വളരെ വലുതാണ്. അടിയുറച്ച കമ്മ്യൂണിസ്റ്റ് കുടുംബമാണ് എന്റേത്. വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരാണ് ചുറ്റും. എല്ലാത്തിനോടും പ്രതികരിക്കുകയും സംവദിക്കുകയും ചെയ്യുന്നവർ. അതിൽ നിന്നെല്ലാം വലിയ പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്.