അശ്ലീല വീഡിയോ ആവിയാകില്ല 'ബുദ്ധികേന്ദ്രം" വൈകാതെ കുടുങ്ങും

Monday 30 May 2022 4:55 AM IST

കൊച്ചി: നാളെ പോളിംഗ്, മൂന്നിന് വോട്ടെണ്ണൽ. അതുകഴിഞ്ഞാൽ അശ്ലീല വീഡിയോ കേസ് ആവിയാകുമെന്ന ചിന്ത 'പോസ്റ്റ് മുതലാളിക്കും" പ്രചരിപ്പിച്ചവർക്കുമുണ്ടെങ്കിൽ തെറ്റി. ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റേതെന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ച കേസിൽ തിരഞ്ഞെടുപ്പ് ചുമതലകൾക്കിടയിലും അന്വേഷണം കടുപ്പിക്കുകയാണ് പൊലീസ്.

ദൃശ്യം പ്രചരിക്കാതിരിക്കാനുള്ള നീക്കങ്ങൾ നടത്തിയതിന് പുറമേ, ഫേസ്ബുക്കുൾപ്പെടെ സാമൂഹ്യ മാദ്ധ്യമങ്ങളുടെ സഹായവും തേടിക്കഴിഞ്ഞു. 15 മുതൽ 30 ദിവസത്തിനകം ഫേസ്ബുക്കിൽ നിന്നും മറ്റും റിപ്പോർട്ട് ലഭിക്കും. ആരാണ് ആദ്യമായി വീഡിയോ പോസ്റ്റ് ചെയ്തത്, ഈ അക്കൗണ്ടിൽ നിന്ന് ആർക്കെല്ലാം നൽകി, ഡൗൺലോഡ് ചെയ്തവർ എത്ര എന്നെല്ലാം അന്വേഷിക്കും. നിലവിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ ഫേസ്ബുക്കും വാട്സ ആപ്പും പരിശോധിച്ച് വരികയാണ്. ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചവരാണ് പിടിയിലായത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ് നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

 അഴിയെണ്ണും മൂന്ന് വർഷം

മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം. ആവർത്തിച്ചാൽ പിന്നീടുള്ള ശിക്ഷ അഞ്ച് വർഷമാകും, പിഴ വേറെ. ഐ.ടി ആക്ട് 67എ, ജനപ്രാതിനിദ്ധ്യ നിയമത്തിലെ 123 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

 പണിപോകുന്ന പണി

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചാൽ ഉറപ്പായും പിടിയിലാകും. ജോലിയും പോകും! തൃക്കാക്കര അശ്ലീല വീഡിയോ കേസിൽ അറസ്റ്റിലായ പാലക്കാട് സ്വദേശി ശിവദാസനെ കെ.ടി.ഡി.സിയും പിടിയിലായ കെ. ഷിബുവിനെ എറണാകുളം മെഡിക്കൽ കോളേജും കരാർ ജോലികളിൽ നിന്നും പുറത്താക്കി.

റിവഞ്ച് പോൺ കേസുകൾ വരുമ്പോൾ സൈബർ വിദഗ്ദ്ധരുടെ സഹായം തേടിയാൽ പിന്നീട് ഈ വീഡിയോകൾ പോസ്റ്റ് ചെയ്യാനും പ്രചരിപ്പിക്കാനും കഴിയാത്ത വിധമാക്കാൻ അവർ സഹായിക്കും. പ്രതികളെ പിടികൂടാൻ സൈബർ ഡോമും സൈബർ സെല്ലും ഒപ്പമുണ്ടാകും.

- അഡ്വ. ജിയാസ് ജമാൽ,

സൈബ‌ർ നിയമ വിദഗ്ദ്ധൻ,

സൈബ‌ർ സുരക്ഷാ ഫൗണ്ടേഷൻ.

Advertisement
Advertisement