ബി.ജെ.പിയുമായി വോട്ടുകച്ചവടത്തിന് സി.പി.എം ധാരണ: കെ. സുധാകരൻ

Monday 30 May 2022 5:10 AM IST

കൊച്ചി: പരാജയഭീതിയിൽ തൃക്കാക്കരയിൽ ബി.ജെ.പിയുമായി സി.പി.എം വോട്ട് കച്ചവടത്തിന് രഹസ്യധാരണയുണ്ടാക്കിയതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ആരോപിച്ചു.

നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കാലങ്ങളായി തുടരുന്ന ധാരണ തൃക്കാക്കരയിലും സ്വീകരിക്കാൻ നേതൃത്വം നിർദ്ദേശിച്ചു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജിന്റെ അടിസ്ഥാനത്തിലാണ് രഹസ്യസഖ്യം പ്രവർത്തിക്കുന്നത്.
നരേന്ദ്രമോദി ജനങ്ങളെ ജാതീയമായും വർഗീയമായും ഭിന്നിപ്പിച്ച് ഗുജറാത്തിൽ നടപ്പാക്കിയ സോഷ്യൽ എൻജിനിയറിംഗ് കേരളത്തിൽ മുഖ്യമന്ത്രി പരീക്ഷിക്കുന്നതും പാക്കേജിന്റെ ഭാഗമായാണ്.

മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ പോലും ഗുജറാത്ത് മോഡൽ പഠിക്കാൻ തയ്യാറാകാത്തപ്പോഴാണ് പിണറായി വിജയൻ പ്രത്യേക സംഘത്തെ വിട്ടത്. മതേരത്വം പ്രസംഗിക്കുകയും വർഗീയ ശക്തികളോട് കൂട്ടുകൂടുകയുമാണ് മുഖ്യമന്ത്രി. കേന്ദ്ര ഏജൻസികളുടെ കേസന്വേഷണം അട്ടിമറിച്ചതിന് പിന്നിൽ ഒരു കോർപ്പറേറ്റ് ഭീമൻ ബി.ജെ.പിക്കും സി.പി.എമ്മിനുമിടയിൽ പാലമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Advertisement
Advertisement