സർക്കാരിന്റെ അവഗണന, ഗോത്രകല കൈവി​ട്ട് ആദിവാസി മക്കൾ

Monday 30 May 2022 12:14 AM IST

പത്തനംതിട്ട: പാരമ്പര്യ കലകളും ആചാരങ്ങളും പുതുതലമുറയെ പഠിപ്പിച്ച് സംരക്ഷിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമങ്ങൾക്ക് സർക്കാർ സഹായം ലഭിക്കാത്തതിനാൽ തിരിച്ചടി. വാദ്യോപകരണങ്ങൾ വാങ്ങാൻ പണം അനുവദിക്കണമെന്ന മലവേടർ വിഭാഗത്തിന്റെ 2019ലെ അപേക്ഷയിൽ ഇതുവരെ തീരുമാനമായില്ല. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ 12 കുട്ടികളെ റാന്നി കരികുളം ആദിവാസി കോളനിയിൽ നാടൻ കലകൾ അഭ്യസിപ്പിച്ച ശേഷമാണ് സർക്കാർ സഹായം തേടിയത്. തീരുമാനം വൈകുന്നതോടെ കുട്ടികൾ കലകളെ കൈവി​ട്ടു.

ധനസഹായത്തിന് ഉൗരുകൂട്ടത്തിന്റെ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് നൽകിയെങ്കിലും കലകളുടെ എെതീഹ്യം, വിശ്വാസം തുടങ്ങിയവ സംബന്ധിച്ച റിപ്പോർട്ട് സർക്കാർ ആവശ്യപ്പെടുകയായിരുന്നു. അത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോൾ സർക്കാർ മേളകളിലെ സാന്നിദ്ധ്യം മാത്രമായി ആദിവാസി കലാപ്രകടനങ്ങൾ ഒതുങ്ങുകയാണ്.

പത്തനംതിട്ടയിലെ ഉള്ളാടർ, മലവേടർ, മലമ്പണ്ടാരം തുടങ്ങിയ ആദിവാസി വിഭാഗങ്ങളിൽ മലവേടർ മാത്രമാണ് അല്പമെങ്കിലും കലാപ്രകടനങ്ങളുമായി രംഗത്തുള്ളത്. സംസ്ഥാനത്ത് എണ്ണായിരത്തോളം കുടുംബങ്ങൾ ഇൗ വിഭാഗത്തിലുണ്ട്. പുറമാടിയാട്ടം, മുടിയാട്ടം, തെയ്യം, കമ്പുകളി, വേടക്കുമ്മാട്ടി എന്നിവയാണ് ഇവരുടെ പാരമ്പര്യ കലാരൂപങ്ങൾ.

 കലയറിയാതെ

പുതുതലമുറ

ഉള്ളാട വിഭാഗക്കാരുടെ പ്രധാന കലാരൂപം കോലുകളിയും പാട്ടുമായിരുന്നുവെന്ന് കേട്ടറിവു മാത്രമേ ഇപ്പോഴത്തെ തലമുറയ്ക്കുള്ളൂ. മലമ്പണ്ടാര വിഭാഗക്കാർ ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാത്തതിനാൽ അവരുടെ പാരമ്പര്യകലകളെ പറ്റി അറിവുള്ളർ പൊതുവെയില്ല. ഏഴാങ്ങളപ്പെങ്ങൾ എന്നൊരു പാട്ടിനെക്കുറിച്ച് മാത്രമാണ് പറഞ്ഞറിവ്.

'' പുതിയ തലമുറയെ ഗോത്രകലകൾ പരിശീലിപ്പിക്കാൻ സർക്കാരിന്റെ ശ്രമങ്ങളില്ല. കുട്ടികളെ സ്കൂൾ വിദ്യാഭ്യാസത്തിനും പോഷാകാഹാരം ലഭ്യമാക്കുന്നതിനുമായി താമസിപ്പിക്കുന്ന ഹോസ്റ്റലുകളിൽ പാരമ്പര്യ കലകൾ അഭ്യസിപ്പിക്കണം.

-ശിവരാജൻ,

സംസ്ഥാന ജോ. സെക്രട്ടറി,

മലവേടർ മഹാസഭ

'' ഉള്ളാടരുടെ തനത് കലാരൂപം കോലുകളി എന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ കുട്ടികൾ ശിങ്കാരി മേളം പഠിക്കുകയാണ്.

കുഞ്ഞുകുഞ്ഞ്, ഉള്ളാട ഉൗര് മൂപ്പൻ

'' പാരമ്പര്യ കലകൾ അറിയാവുന്ന പുതുതലമുറ കുറവ്.
എസ്.എസ്.സുധീർ,

ട്രൈബൽ ഓഫീസർ, പത്തനംതിട്ട

Advertisement
Advertisement