പറമ്പുകളിലും മാലിന്യക്കൂമ്പാരം

Monday 30 May 2022 12:55 AM IST
പന്നിയങ്കരയിൽ (37-ാം വാർഡ്) മാലിന്യം സ്വകാര്യ. വ്യക്തികളുടെ പറമ്പിൽ കയറ്റിവച്ചിരിക്കുന്നു

കോഴിക്കോട്: ഞെളിയൻപറമ്പിലെയും വെസ്റ്റ് ഹില്ലിലെയും മാലിന്യപ്ലാന്റുകൾ നിലച്ചതോടെ മാലിന്യം എവിടെയെത്തിക്കണമെന്നറിയാതെ പല പറമ്പുകളിലും കൂട്ടിയിടുകയാണ് ഹരിതകർമസേന പ്രവർത്തകർ. റോഡിനോട് ചേർന്ന പറമ്പുകളിൽ മാലിന്യം വേർതിരിച്ച് ചാക്കിൽ കെട്ടിവെച്ചത് കൂമ്പാരമാവുകയാണ്. പറമ്പുടമകളോട് അനുവാദം ചോദിച്ച് തൽക്കാലത്തേയ്ക്ക് വെച്ചവ ഇപ്പോൾ പറമ്പുടമകൾക്ക് തന്നെ തലവേദനയായിരിക്കുകയാണ്.

ഹരിതകർമസേനയ്ക്ക് നൽകേണ്ട 60 രൂപ നൽകാൻ മടിക്കുന്ന ചിലർ മാലിന്യം ഇവിടെയും മറ്റ് പലയിടങ്ങളിലും നിക്ഷേപിക്കുകയാണ്. 36-ാം വാർഡിലെ മാലിന്യം വെസ്റ്റ് ഹില്ലിലേയ്ക്ക് 1000 രൂപ നൽകി ലോറിയിൽ കയറ്റിയയച്ചിട്ട് അവിടെ സ്ഥലമില്ലാതെ തിരികെ കൊണ്ട് വന്ന് റോഡരികിൽ വെച്ചിരിക്കുകയാണ്. ഹരിതകർമസേനാ പ്രവർത്തകർക്ക് വേതനം ലഭിച്ചിട്ടും രണ്ടു മാസമായി.

@ നാടുനീളെ മിനി എം.സി.എഫുകൾ സ്ഥാപിക്കുന്ന സമയത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ കോർപ്പറേഷന്റെ ഏതെങ്കിലും സ്ഥലത്ത് എത്രയും പെട്ടെന്ന് ഇതിനായി ഒരു സൗകര്യമൊരുക്കണം. മാലിന്യം കൊണ്ടിടാൻ ഇപ്പൊ ഒരു സ്ഥലമില്ലെന്നത് പരിതാപകരമാണ്.

പരിസരവാസി, പന്നിയങ്കര

# മഴ പെയ്താൽ മാലിന്യം കോളനിയിൽ


നടക്കാവ് കോളനിയിലെ ജനങ്ങൾ മാലിന്യംതാണ്ടി വേണം കോളനിയിലേയ്ക്ക് കയറാൻ. കിഴക്കേ നടക്കാവിലെ ബസ് സ്റ്റാൻഡിന് പുറകിലെ പൊളിഞ്ഞ മതിലിന് പുറകിലാണ് ജനങ്ങൾ മാലിന്യം കൊണ്ടിടുന്നത്. കോളനിയിലേയ്ക്ക് കയറുന്നതും ഇതുവഴി. ഒരു മഴപെയ്താൽ മതി, ഈ മാലിന്യങ്ങളും കോളനിയിലേയ്ക്കിറങ്ങും. മാലിന്യം കലർന്ന വെള്ളവും. കോളിനിവാസികൾക്ക് രോഗങ്ങൾ വരാൻ വേറെയെവിടെയും പോകണ്ട എന്ന സ്ഥിതിയാണ്. കോഴിക്കോട് സി.എച്ച്. ഫ്‌ളൈ ഓവറിന് സമീപവും മാവൂർ റോഡ് ശ്മശാനത്തിന് സമീപവും ഇതുതന്നെയാണ് അവസ്ഥ. പലനാളുകളായുള്ള മാലിന്യം കൂമ്പാരമായി മാറിയിരിക്കുകയാണിവിടെ.

Advertisement
Advertisement