നഗരത്തിന്റെ ദാഹം തീർക്കാൻ ... 120 കോടിയുടെ 'അമൃത് കുടിവെള്ളം'
കൊല്ലം: നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 120 കോടിയുടെ അമൃത് പദ്ധതിക്ക് കോർപ്പറേഷൻ അംഗീകാരം നൽകി. പുതിയ ജലസംഭരണികളുടെ നിർമ്മാണത്തിനൊപ്പം വിതരണ, സംഭരണ പൈപ്പ് ലൈനുകളുടെ വ്യാപനവും കൂടുതൽ ഗാർഹിക കണക്ഷനുകളും ഉൾപ്പെട്ടതാണ് പദ്ധതി. അമൃത് ഉന്നതാധികാര സമിതിയുടെ അംഗീകാരം ലഭിച്ചാൽ ടെണ്ടർ ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കും.
പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയാൽ അമൃതിൽ നിന്നുള്ള കുടിവെള്ള വിതരണത്തിന് കൂടുതൽ പണം ലഭിക്കാൻ സാദ്ധ്യതയുണ്ട്. പൈപ്പിടാനായി വെട്ടിക്കുഴിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാതിനുള്ള ചെലവ് കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
# 15.67 ലക്ഷം ലിറ്ററിന്റെ ടാങ്ക്
10,000 ഗാർഹിക കണക്ഷൻ: 22 കോടി
തൃക്കടവൂരിൽ 15 ലക്ഷം ലിറ്ററിന്റെ സംഭരണ ടാങ്ക്: 7.5 കോടി
മുണ്ടയ്ക്കലിൽ 8 ലക്ഷം ലിറ്റർ സംഭരണ ടാങ്കും സംഭരണ പൈപ്പ് ലൈനും പമ്പ് സെറ്: 7 കോടി
ബിഷപ്പ് ജെറോം നഗറിൽ 15.67 ലക്ഷം ലിറ്ററിന്റെ ടാങ്ക്: 8 കോടി
വസൂരിച്ചിറയിലെ ടാങ്കിൽ നിന്നുള്ള ജലവിതരണ ശൃംഖല: 50 ലക്ഷം
കന്റോൺമെന്റ് മേഖലയിൽ പുതിയ വിതരണ പൈപ്പ് ലൈൻ: 80 ലക്ഷം
വസൂരിച്ചിറയിൽ നിന്നു മൂന്നാംകുറ്റി, മതിലിൽ ശക്തികുളങ്ങര, അഞ്ചാലുംമൂട് പ്രദേശങ്ങളിലേക്ക് സംഭരണ പൈപ്പ് ലൈനുകൾ: 37 കോടി
# 100 കി.മീറ്റർ വിതരണ ശൃംഖല
നഗരത്തിൽ ഇപ്പോൾ കുടിവെള്ള പൈപ്പ് ലൈനുകൾ ഇല്ലാത്ത പ്രദേശങ്ങളിലും അമൃത് രണ്ടാംഘട്ടത്തിൽ പൈപ്പുകൾ സ്ഥാപിക്കും. 100 കിലോ മീറ്റർ നീളത്തിലാകും ഇടറോഡുകളിൽ പൈപ്പിടുക. ഇതിനായി 37.20 കോടി നീക്കിവച്ചിട്ടുണ്ട്.