തിളച്ച് കയറി ജയ അരി വില

Monday 30 May 2022 1:28 AM IST

പുതിയ സ്റ്റോക്ക് കിലോയ്ക്ക് ₹ 41

കൊല്ലം: ജയ അരി വിലയിൽ ഇന്ധനങ്ങളുടേതിന് സമാനമായ കുതിച്ചുകയറ്റം. കിലോയ്ക്ക് 41 രൂപ നിശ്ചയിച്ചാണ് പുതിയ ബ്രാൻഡ് ജയ അരി കൊല്ലത്ത് എത്തിക്കുന്നത്.

കഴിഞ്ഞയാഴ്ച 40 രൂപയ്ക്കാണ് ബ്രാൻഡഡ് ജയ അരി വിറ്റിരുന്നത്. പുതിയ സ്റ്റോക്ക് സാധാരണ ജയ അരിക്ക് 40 രൂപയാണ്. നേരത്തെ ഇതിന് 39 രൂപയായിരുന്നു.

കിലോയ്ക്ക് ഒരു രൂപ കയറ്ററിക്ക് കൂലി ചേർത്താകും മൊത്തവ്യാപാരികൾ വിൽക്കുക.

രണ്ട് രൂപ മുതൽ വ‌ർദ്ധിപ്പിച്ചാണ് ചില്ലറ വ്യാപാരികൾ വിൽക്കുന്നത്. ഇതോടെ ജയ അരിക്ക് കൊല്ലം നഗരത്തിൽ 44 രൂപയെങ്കിലും നൽകേണ്ടി വരും. നഗരത്തിന് പുറത്തേക്ക് പോകുമ്പോൾ 45 രൂപയായി ഉയരാനും സാദ്ധ്യതയുണ്ട്. മൂന്നുമാസം മുമ്പുള്ള 36 രൂപയിൽ നിന്നാണ് ബ്രാൻഡഡ് ജയയുടെ വില 41ലേക്ക് ഉയർന്നിരിക്കുന്നത്.

അരിയെത്തും വില പൊള്ളും

1. ആന്ധ്രയിൽ സീസൺ കഴിയുന്നതോടെ കേരളത്തിലേക്കുള്ള ജയ അരി വരവ് കുറയും

2. എപ്രിൽ പകുതിയോടെ വീണ്ടും എത്തിത്തുടങ്ങും

3. ഇത്തവണ മേയ് പകുതിയായിട്ടും ആന്ധ്രയിൽ ജയയുടെ സംസ്കരണം വർദ്ധിച്ചില്ല

4. ഇവിടുത്തെ മില്ലുകൾക്ക് വൈദ്യുതി ലഭ്യമാകുന്ന സമയം വെട്ടിക്കുറച്ചതും ഉല്പാദനത്തെ ബാധിച്ചു

5. ഒരു ദിവസം 300 ടൺ സംസ്കരിച്ച മില്ലുകളിൽ 30 ടൺ മാത്രമാണ് ഇപ്പോൾ നടക്കുന്നത്

ആവശ്യകത വർദ്ധിച്ചതാണ് ഇപ്പോഴത്തെ വില വർദ്ധനവിന് കാരണം. കൊവിഡ് കാലത്ത് റേഷൻകട വഴി കൂടുതൽ അരി ലഭിച്ചതിനാൽ കഴിഞ്ഞ രണ്ടുവർഷം കേരളത്തിൽ ജയ അരിയുടെ വില്പന കുത്തനെ ഇടിഞ്ഞിരുന്നു.

വ്യാപാരികൾ

Advertisement
Advertisement