പൊലീസ് സ്പെഷ്യൽ ഡ്രൈവിൽ പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ

Monday 30 May 2022 1:31 AM IST

കൊല്ലം: പൊലീസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരെയും മദ്യപിച്ച് വാഹനം ഓടിച്ച 130 പേരെയും പിടികൂടി. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന്റെ നിർദ്ദേശാനുസരണം കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എ.സി.പിമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച പത്തുപേർ കരുനാഗപ്പള്ളി സ്റ്റേഷനിലും, ആറ് പേർ ഓച്ചിറ, അഞ്ചുപേർ പള്ളിത്തോട്ടം, നാലുപേർ വീതം കൊല്ലം വെസ്റ്റ്, കിളികൊല്ലൂർ, മൂന്നുപേർ വീതം ഇരവിപുരം, ശക്തികുളങ്ങര, രണ്ടുപേർ വീതം കൊല്ലം ഇസ്റ്റ്, അഞ്ചാലുംമൂട്, ചാത്തന്നൂർ, കൊട്ടിയം, പരവൂർ, പാരിപ്പള്ളി, ചവറ, ഒരാൾ വീതം ചവറ തെക്കുംഭാഗം, ട്രാഫിക്ക് പൊലീസ് സ്റ്റേഷനിലും ഉൾപ്പെടെ 53 പേരെ പിടികൂടി.

ഗുരുതരമായ കേസുകളിൽ ഉൾപ്പെട്ട് മുങ്ങിനടന്ന രണ്ടുപേരെ കൊട്ടിയം സ്റ്റേഷൻ പരിധിയിൽനിന്നും, ഒന്നുവീതം പ്രതികളെ കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര, ഇരവിപുരം, പാരിപ്പള്ളി, കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷൻ പരിധിയിൽ നിന്നും പിടികൂടി.

സിറ്റിയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കൈവശം വച്ചതിന് അഞ്ച് കേസുകളും, എൻ.ഡി.പി.എസ് ആക്ട് പ്രകാരം 21 കേസ്, അബ്കാരി ആക്ട് പ്രകാരം 51 കേസും രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വാറണ്ട് പ്രകാരം 75 പേരെയും മുൻകരുതലായി 54 പേരെയും സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ അറസ്റ്റ് ചെയ്തു. 47 ഗുണ്ടകളെയും 106 റൗഡികളെയും താമസ സ്ഥലങ്ങളിൽ എത്തി പരിശോധിച്ചു.

Advertisement
Advertisement