സ്‌കൂളുകൾ തുറക്കുന്നു; ചെർപ്പുളശ്ശേരിയിൽ വേണം ഗതാഗത പരിഷ്‌കരണം

Monday 30 May 2022 2:31 AM IST

ചെർപ്പുളശ്ശേരി: പുതിയ അദ്ധ്യായന വർഷവും മഴക്കാലവും എത്തുന്ന സാഹചര്യത്തിൽ ചെർപ്പുളശ്ശേരിയിൽ ഗതാഗത പരിഷ്‌കരണം അനിവാര്യമാകുന്നു. നഗരത്തിൽ നേരിടുന്ന പാർക്കിംഗ് പ്രശ്നത്തിന് പരിഹാരം കാണലാണ് പ്രധാനം. വാഹനങ്ങളുമായി വരുന്നവർക്ക് പാർക്കിംഗിന് സ്ഥലമില്ലാത്തത് വലിയ പ്രശ്നമാണ്. അനധികൃതവും അലക്ഷ്യവുമായ വാഹനങ്ങളുടെ പാർക്കിംഗ് ഗതാഗത കുരുക്കിനും കാരണമാകുന്നു. സ്‌കൂൾ തുറക്കുന്നതോടെ നഗരത്തിൽ ഇപ്പോൾ അനുഭവപ്പെടുന്നതിനേക്കാൾ തിരക്ക് വർദ്ധിക്കും. ഇതിനനുസരിച്ച് ഗതാഗത ക്രമീകരണങ്ങൾ വരുത്തിയില്ലെങ്കിൽ നഗരം കുരുക്കിലമരുമെന്ന് ഉറപ്പാണ്.

ബസ് സ്റ്റാൻഡിലും സ്ഥലപരിമിതിയുടെ പ്രശ്നം നേരിടുന്നുണ്ട്. പുതിയ ബസ് സ്റ്റാൻഡിന്റെ പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും ഇത് പൂർത്തിയാവാൻ സമയമെടുക്കും. മഴക്കാലം കൂടി എത്തുന്ന സാഹചര്യത്തിൽ ഇതുകൂടി മുന്നിൽ കണ്ടാവണം ഗതാഗത ക്രമീകരണങ്ങൾ നടത്തേണ്ടത്. നിലവിൽ ഹൈസ്‌കൂൾ ജംഗ്ഷൻ, ഗവ. ആശുപത്രി ജംഗ്ഷൻ, ഒറ്റപ്പാലം റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. ഗതാഗത നിയന്ത്രണത്തിന് നിലവിൽ ട്രാഫിക്ക് സിഗ്നലുകളോ, മറ്റ് സംവിധാനങ്ങളോ നഗരത്തിലില്ല. ബസ് സ്റ്റാൻഡ് പരിസരത്ത് ഒരു ഹോം ഗാർഡിന്റെ സേവനം മാത്രമാണുള്ളത്. നേരത്തെ ട്രാഫിക് ക്രമീകരണവുമായി ബന്ധപ്പെട്ട് നഗരസഭ വിളിച്ചു ചേർത്ത യോഗത്തിൽ നിരവധി തീരുമാനങ്ങൾ എടുത്തിരുന്നെങ്കിലും ഇത് പ്രാവർത്തികമാക്കി ദിവസങ്ങൾക്കുള്ളിൽ പഴയപടിയാവുകയായിരുന്നു. ഇതോടെ പാർക്കിംഗിന്റെ പ്രശ്നം നഗരത്തിലെ യാത്രക്കാർക്കു പുറമെ വ്യാപാരികൾക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

Advertisement
Advertisement