കാലവർഷം കേരളത്തിലെത്തി,​ ജൂൺ പകുതിയോടെ കനക്കും

Monday 30 May 2022 2:47 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് തെക്ക് പിടഞ്ഞാറൻ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ആൻഡമാനിൽ നിന്ന് മേയ്‌ 16ന് ആരംഭിച്ച് 13 ദിവസമെടുത്താണെത്തിയത്.

ഇന്നലെ അറബിക്കടലിന്റെ കിഴക്കും ലക്ഷദ്വീപിലും കേരളത്തിലും തമിഴ്നാടിന്റെ തെക്കൻ മേഖലയിലും ഗൾഫ് ഓഫ് മാന്നാറിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക്പടിഞ്ഞാറൻ ഭാഗത്തും മഴ ലഭിച്ചു. ആദ്യ ആഴ്ചകളിൽ കാലവർഷം കനക്കില്ലെന്നാണ് വിലയിരുത്തൽ. ജൂൺ പകുതിയോടെ കനക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും രണ്ടര മില്ലീ മീറ്റർ മഴ രേഖപ്പെടുത്തി.

കഴിഞ്ഞ വർഷം വേനൽ മഴ അധികമായെങ്കിലും, കാലവർഷത്തിൽ മഴ കുറഞ്ഞു.ഇത്തവണയും വേനൽ മഴ 98 ശതമാനത്തിൽ അധികമായിരുന്നു.

അ‍ഞ്ച് ദിവസം

ശക്തമായ മഴ

സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.തെക്ക് മദ്ധ്യ ജില്ലകളിലായിരിക്കും കൂടുതൽ . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.

Advertisement
Advertisement