ടീ ഷർട്ടും ജീൻസും തൊപ്പിയും ധരിച്ച് സ്വന്തം സ്‌റ്റാഫിന് പോലും മനസിലാക്കാൻ കഴിയാത്ത തരത്തിൽ യൂസഫലിയുടെ യാത്രയുണ്ട്, സഹസ്രകോടിയുടെ അധിപൻ വേഷ പ്രച്ഛന്നനാകുന്നതിന് പിന്നിലെ രഹസ്യം

Monday 30 May 2022 2:59 PM IST

1973ൽ ഒരു സൂപ്പർമാർക്കറ്റുമായി തുടക്കം കുറിച്ച് ലോകത്തിന്റെ നാനാഭാഗങ്ങളിൽ പടുത്തുയർത്തിയ സാമ്രാജ്യമാണ് ലുലു ഗ്രൂപ്പ്. 232 ഹൈപ്പർ മാർക്കറ്റുകളും 24 ഷോപ്പിംഗ് മാളുകളും എം.എ യൂസഫലി എന്ന വ്യവസായ പ്രമുഖന്റെ നേതൃത്വത്തിൽ മുന്നേറുന്ന ലുലു ഗ്രൂപ്പിന് സ്വന്തമായുണ്ട്. അറുപതിനായിരതതിലധികം പേരാണ് ലുലു ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യുന്നത്.

വ്യക്തി ജീവിതത്തിൽ വിശ്വാസ്യതയും സത്യസന്ധതയും പുലർത്താനും വ്യക്തിബന്ധങ്ങൾ നിലനിർത്താനും അത്യാഗ്രഹമില്ലാതെ ജീവിക്കാൻ ശ്രമിക്കുകയും ചെയ്താൽ വിജയം ഉറപ്പാണെന്നാണ് യൂസഫിയുടെ വാക്കുകൾ. വിശ്വാസ്യത, സമയനിഷ്ഠ, ആരെയും വഞ്ചിക്കാതിരിക്കുക എന്നീ ഗുണങ്ങൾ ജീവിതത്തിൽ പുലർത്തേണ്ടതുണ്ട്. വ്യക്തിത്വവും കഴിവും അളക്കുന്നത് ബാങ്ക് ബാലൻസ് നോക്കിയോ സ്റ്റാറ്റസ് നോക്കിയോ അല്ല. മനുഷ്യന്റെ പ്രാർഥനയാണ് അവന്റെ വ്യക്തിത്വം. ബിസിനസിൽ മത്സരമുണ്ടാകുമെങ്കിലും എതിരാളി നശിച്ചു പോകണമെന്നല്ല ആഗ്രഹിക്കേണ്ടത്. മുന്നേറണമെന്നു മാത്രമാണ് ചിന്തയെന്നും യൂസഫലി പറഞ്ഞിട്ടുണ്ട്.

സഹസ്ര കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണെങ്കിലും ദിവസവും രാവിലെ മുടങ്ങാതെ വ്യായാമം ചെയ്യുന്നയാളാണ് അദ്ദേഹം. നന്നായി നടക്കും. അതോടൊപ്പം നല്ല രീതിയിലുള്ള ഭക്ഷണ നിയന്ത്രണവുമുണ്ട്. ഇതു രണ്ടുമാണ് എംഎ യൂസഫലിയുടെ പ്രധാന ദിനചര്യകളിലൊന്ന്. കൗതുകകരമായ മറ്റൊരു ശീലമുള്ളയാളാണ് യൂസഫലി. ടീ ഷർട്ടും, ജീൻസും തൊപ്പിയും ധരിച്ച് ആളെ മനസിലാകാത്ത വിധം മാളുകളിലും മറ്റും അദ്ദേഹം നടക്കാനിറങ്ങും. മാളിൽ വരുന്ന ആളുകളുടെ അഭിപ്രായങ്ങൾ നേരിട്ടു കേൾക്കുന്നതിനു വേണ്ടിയാണ് യൂസഫലി അങ്ങനെ ചെയ്യുന്നത്. ഇങ്ങനെ വേഷ പ്രച്ഛന്നനായി നടക്കുന്ന യൂസഫലിയെ നമ്മളിൽ പലരും പലപ്പോഴും കണ്ടിട്ടുണ്ടാകാം.

Advertisement
Advertisement