പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി, രജിസ്റ്റർ ചെയ്യാൻ ഇനിസമയം വേണം

Tuesday 31 May 2022 12:21 AM IST

കോന്നി : പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം (ഐ. എ.എം.എസ്) എന്ന പോർട്ടലിൽ കർഷകരുടെ പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി നൽകണമെന്ന ആവശ്യമേറുന്നു. പദ്ധതിയിൽ പേരുചേർക്കാനുള്ള അവസാന തീയതി 31ആണ്. എന്നാൽ മലയോരമേഖലയിലെ വില്ലേജ് ഓഫീസുകളിലും കൃഷി ഭവനുകളിലും അക്ഷയ കേന്ദ്രങ്ങളിലും കർഷകരുടെ തിരക്കാണിപ്പോഴും. അക്ഷയ കേന്ദ്രങ്ങളിൽ 150 വരെ ടോക്കണുകൾ ദിവസവും കൊടുക്കുന്നു. ഇതിൽ പലരുടെയും പേരുകൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല. കോന്നി, കലഞ്ഞൂർ, അരുവാപ്പുലം, തണ്ണിത്തോട്, മലയാലപ്പുഴ എന്നി പഞ്ചായത്തുകളിലെ വില്ലേജ് ഓഫീസുകളിലും കൃഷിഭവനുകളിലും അക്ഷയ കേന്ദ്രങ്ങളുലും കർഷകരുടെ തിരക്ക് വർദ്ധിക്കുകയാണ്. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് ഏറ്റവും പുതിയ കരമടച്ച രസീതിന്റെ നമ്പർ ചേർക്കേണ്ടതുണ്ട്. ഓൺലൈനിൽ കരം അടയ്ക്കാൻ സൗകര്യമുള്ള വില്ലേജുകളിൽ ഇത് എളുപ്പമാണ്. എന്നാൽ വില്ലേജ് സംബന്ധമായ വിവരങ്ങൾ കമ്പ്യൂട്ടർ സംവിധാനത്തിലേക്ക് മാറ്റാത്ത സ്ഥലങ്ങളിൽ ഇത് വലിയ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കോന്നി താലൂക്കിലെ റീ സർവേ പൂർത്തിയാകാത്ത കോന്നി താഴം, തണ്ണിത്തോട്, അരുവാപ്പുലം, ചിറ്റാർ, സീതത്തോട് തുടങ്ങിയ വില്ലേജുകളിൽ മാത്രമാണ് ഓൺലൈൻ സംവിധാനം ഇല്ലാതാത്തത്. കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ വിവരങ്ങൾ സോഫ്റ്റ് വെയറിൽ അപ്പ് ലോഡ് ചെയ്യുന്ന ജോലികൾ വൈകിട്ട് അഞ്ചിന് ശേഷവും ഈ വില്ലേജുകളിൽ നടക്കുന്നുണ്ട്.

Advertisement
Advertisement