നീതിപീഠത്തിലുള്ള വിശ്വാസം തകർക്കാൻ അനുവദിക്കരുത്: ജസ്റ്റിസ് ഷെർസി

Tuesday 31 May 2022 12:21 AM IST

കൊച്ചി: സാധാരണക്കാരന് നീതിപീഠത്തിലുള്ള വിശ്വാസം തകർക്കാൻ അനുവദിക്കരുതെന്ന് ജസ്റ്റിസ് വി. ഷെർസി. ഇന്നു വിരമിക്കുന്ന ജസ്റ്റിസ് ഷെർസിക്ക് ഹൈക്കോടതിയിൽ ഇന്നലെ നൽകിയ യാത്രഅയപ്പിലാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വനിതാ ദിനത്തിൽ ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവർക്കൊപ്പം ഫുൾബെഞ്ച് സിറ്റിംഗിൽ പങ്കെടുക്കാനായത് മറക്കാനാവാത്ത അനുഭവമാണെന്നു പറഞ്ഞ ജസ്റ്റിസ് ഷെർസി തന്റെ സഹോദരിയും ജില്ലാ ജഡ്‌ജിയുമായിരുന്ന ഷൈനിയുടെ അകാല വേർപാടിനെക്കുറിച്ചു പറഞ്ഞപ്പോൾ വിതുമ്പി.

ചീഫ് ജസ്റ്റിസിന്റെ അഭാവത്തിൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഫുൾകോർട്ട് റഫറൻസിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. രാജേഷ് വിജയൻ എന്നിവർ പ്രസംഗിച്ചു. ഹൈക്കോടതി ജഡ്‌ജിമാരടക്കം പങ്കെടുത്തു.

കടയ്‌ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ സത്യം കണ്ടെത്താൻ വഴിയൊരുക്കിയത് ജസ്റ്റിസ് ഷെർസിയുടെ ഇടപെടലായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച പ്രൊഫസർ ഡോ. പി.കെ. ബാലചന്ദ്രനാണ് ഭർത്താവ്. മകൾ നമിത നീതു ബാലചന്ദ്രൻ അഭിഭാഷകയാണ്.

Advertisement
Advertisement