ആദിനാട് ഗോപിയുടെ പുസ്തകശേഖരം ഓപ്പൺ യൂണിവേഴ്സിറ്റിക്ക്

Tuesday 31 May 2022 12:25 AM IST

കൊല്ലം: ഭാഷാ പണ്ഡിതനും എഴുത്തുകാരനും കൊല്ലം എസ്.എൻ കോളേജ് മലയാള വിഭാഗം അദ്ധ്യാപകനുമായിരുന്ന പ്രൊഫ. ആദിനാട് ഗോപിയുടെ അമൂല്യ പുസ്തകശേഖരം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ലൈബ്രറിക്ക് നൽകാൻ മക്കളുടെ തീരുമാനം.

ഇന്ന് ഓപ്പൺ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ കൊല്ലം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുസ്തകങ്ങൾ കൈമാറും. പുരാണങ്ങൾ, നോവലുകൾ, കഥകൾ, കവിതകൾ എന്നിവയ്ക്ക് പുറമേ മലയാള ഭാഷാശാസ്ത്രം, വ്യാകരണം, നിരൂപണം, പഠനം എന്നീ മേഖലകളിലെ അപൂർവങ്ങളായ 400 ഗ്രന്ഥങ്ങളാണ് കൈമാറുന്നത്.

മലയാളം ഐച്ഛികമായെടുത്ത് പഠിക്കുന്നവർക്കും ഗവേഷകർക്കും ഈ പുസ്തകങ്ങൾ ഏറെ പ്രയോജനം ചെയ്യും. ഒരു ക, നാല് അണ, 50 പൈസ, ഒരു രൂപ എന്ന് തുടങ്ങി ആയിരക്കണക്കിന് രൂപ വിലയുള്ള പുസ്തകങ്ങളും ഇക്കൂട്ടത്തിലുണ്ട്.

സർവവിജ്ഞാന കോശം 15 വാല്യം, കുട്ടിക്കൃഷ്ണമാരാർ, ഉണ്ണായി വാര്യർ, കൊട്ടാരത്തിൽ ശങ്കുണ്ണി, കുറ്റിപ്പുഴ കൃഷ്ണപിള്ള തുടങ്ങിയവരുടെ കൃതികളും ഉൾപ്പെടുന്നു. ആദിനാട് ഗോപി സ്ഥിരമായി ഉപയോഗിച്ചിരുന്ന ശബ്ദതാരാവലി അടക്കമുള്ള ചില പുസ്തകങ്ങൾ വീട്ടിൽ തന്നെ സൂക്ഷിക്കും. ആദിനാട് ഗോപി മരിച്ചിട്ട് ഈമാസം 18ന് ഒരു വർഷം തികഞ്ഞിരുന്നു.

സർവകലാശാലയ്ക്ക് പുസ്തകങ്ങൾ നൽകാം

ഓപ്പൺ യൂണിവേഴ്സിറ്റിയിൽ രാജ്യത്തെ ഏറ്രവും മികച്ച ലൈബ്രറി സജ്ജമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ഇതിനായി പുസ്തകശേഖരണ യജ്ഞം സംഘടിപ്പിക്കുന്നു.

ഫോൺ: 8113007302.

തികഞ്ഞ ഗുരുദേവ ഭക്തനായിരുന്നു ആദിനാട് ഗോപി. അതുകൊണ്ട് കൂടിയാണ് ഗുരുദേവന്റെ പേരിൽ ആരംഭിച്ച സർവകലാശാലയ്ക്ക് അദ്ദേഹത്തിന്റെ പുസ്തശേഖരം കൈമാറാൻ തീരുമാനിച്ചത്.

ഡോ. ഐ.ജി. ഷിബി,

ഐ.ജി. ഷിലു

മക്കൾ

Advertisement
Advertisement