സ്കൂൾ ചുവരുകളിൽ അക്ഷര ചിത്രങ്ങളുമായി ഡാഫിനി ടീച്ചർ

Wednesday 01 June 2022 4:40 AM IST

കൊല്ലം: കളിയും ചിരിയുമായി ഇന്ന് അക്ഷരമുറ്റം ഉണരുമ്പോൾ കൊല്ലം പള്ളിത്തോട്ടം ഇൻഫന്റ് ജീസസ് യു.പി സ്കൂളിൽ കുരുന്നുകളെ കാത്തിരിക്കുന്നത് ഡാഫിനി ടീച്ചർ ചുവരിൽ വരച്ചിട്ട വർണചിത്രങ്ങളാണ്. മിഠായിപോലെ പ്രിയമാണ് കുട്ടികൾക്ക് ടീച്ചർ വരച്ച ചിത്രങ്ങൾ.പള്ളിത്തോട്ടത്തെ സ്കൂളിൽ പതിനഞ്ച് അക്ഷര ചിത്രങ്ങളാണ് കുരുന്നുകളെ കാത്തിരിക്കുന്നത്. ദിവസങ്ങൾ വേണ്ടിവന്നു ഇവ പൂർത്തിയാക്കാൻ.

ഇരുപതോളം വിദ്യാലയങ്ങളിലെ ചുവരുകൾക്ക് അലങ്കാരമാണ് ടീച്ചർ വരച്ച ചിത്രങ്ങൾ. പതിമൂന്നു വർഷത്തെ സർവീസിനിടയിൽ ജോലി ചെയ്ത നാലു സ്കൂളിലും ചിത്രങ്ങൾ നിറഞ്ഞു. കണ്ടും കേട്ടും മറ്റു വിദ്യാലങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി ചിത്രങ്ങൾ വരപ്പിക്കുകയായിരുന്നു.

ജോലിയിൽ പ്രവേശിച്ച പാലക്കാട് വണ്ണമട സർക്കാർ എൽ.പി സ്കൂളിൽ പഠിപ്പിക്കുന്നതിനിടെ ബോർഡിൽ ചിത്രങ്ങൾ വരച്ചത് പാഠഭാഗം കുട്ടികൾ പെട്ടെന്ന് മനസിലാക്കാൻ വേണ്ടിയാണ്. ഇതു കണ്ട പ്രഥമാദ്ധ്യാപിക ചുവരുകളിൽ ആ ചിത്രങ്ങൾ വരയ്ക്കാൻ നിർബന്ധിച്ചു. സ്വന്തം ചെലവിൽ ഭിത്തി വെള്ളയടിച്ച് പെയിന്റും ബ്രഷും വാങ്ങി കോറിയിട്ട ചിത്രങ്ങൾ കണ്ടും കേട്ടുമാണ് മറ്റു വിദ്യാലയങ്ങളിലുള്ളവർ സമീപിച്ചത്. തിരുവനന്തപുരം വലിയതുറ സർക്കാർ സ്കൂളിൽ വരച്ച ചിത്രങ്ങളാണ് ഏറെ അഭിമാനം പകരുന്നത്. ഒരു ഭിത്തിയിൽ വരയ്ക്കാൻ അഞ്ഞൂറ് രൂപയോളം ചെലവുവരും.

കൊല്ലം തങ്കശേരി ജയന്തി വില്ലയിൽ ബിസിനസുകാരനായ ഭർത്താവ് സുനിലും മകൻ ആദിയും പിന്തുണയുമായി ഒപ്പമുണ്ട്.ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും സമ്പാദിച്ച ടീച്ചർ മലയാള സാഹിത്യത്തിൽ പി.ജിയും ഡോക്ടറേറ്റുമെടുക്കാനുള്ള ഒരുക്കത്തിലാണ്.

സ്കൂളിന്റെ തലവര മാറ്റി
വടക്കേവിള സർക്കാർ പഞ്ചായത്ത് സ്കൂളിലെത്തുമ്പോൾ കുട്ടികളില്ലാത്തതിനാൽ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. ക്ളാസ് മുറികളിലും പുറം ഭിത്തിയിലും ചിത്രങ്ങൾ നിറഞ്ഞതോടെ നാട്ടുകാർക്ക് കൗതുകമായി. സ്കൂൾ പരിസരത്ത് നെല്ലും പച്ചക്കറികളും തഴച്ചുവളർന്നതോടെ സ്കൂൾ അന്തരീക്ഷമാകെ മാറി. ഇപ്പോൾ കുട്ടികളുടെ എണ്ണം 125 ആയി.

സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തതൊഴിച്ചാൽ പ്രത്യേക പരിശീലനമൊന്നും നേടിയിട്ടില്ല. പാഠ്യപ്രവർത്തനങ്ങളുടെ ഭാഗമായാണ് വര. ഒരു ആപ്പിൾ മരം വരച്ചാൽ 26 പഴങ്ങളും അതിൽ 26 ഇംഗ്ളീഷ് അക്ഷരങ്ങളും ഉണ്ടാവും.

ഡാഫിനി ടീച്ചർ

Advertisement
Advertisement