ഫ്രഞ്ച് ഓപ്പൺ : ബൊപ്പണ്ണ സഖ്യം സെമിയിൽ

Wednesday 01 June 2022 12:01 AM IST

പാരീസ്: ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ- ഹോളണ്ടിന്റെ താരം മാറ്റ്‌വെ മിഡെൽകൂപ്പ് സഖ്യം ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിന്റെ പുരുഷ ഡബിൾസ് സെമിയിൽ പ്രവേശിച്ചു. ക്വാർട്ടറിൽ 42കാരനായ ബൊപ്പണ്ണയും മിഡെൽകൂപ്പും ചേർന്ന് ബ്രിട്ടന്റെ ഗ്ളാസ്‌പൂൾ- ഫിൻലൻഡിന്റെ ഹെലി സഖ്യത്തെ മൂന്ന് സെറ്റ് പോരാട്ടത്തിൽ തോൽപ്പിച്ചാണ് സെമിയിലെത്തിയത്. സ്‌കോർ 4-6, 6-4, 7-6(3). രണ്ട് മണിക്കൂറിലധികം നീണ്ട മത്സരത്തിൽ ടൈ ബ്രേക്കറിലേക്ക് പോയ അവസാന സെറ്റിൽ മൂന്ന് പോയിന്റിന് പിന്നിട്ടു നിന്ന ശേഷം തുടർച്ചയായി പത്ത് പോയിന്റ് നേടിയാണ് ബൊപ്പണ്ണ സഖ്യം വിജയിച്ചത്. 2015ന് ശേഷം ആദ്യമായാണ് ബൊപ്പണ്ണ ഒരു ഗ്രാൻസ്ലാം സെമിയിലെത്തുന്നത്. ഫ്രഞ്ച് ഓപ്പണിൽ പുരുഷ ഡബിൾസിൽ ഇതാദ്യമായിട്ടാണ് ബൊപ്പണ്ണ സെമിയിലെത്തുന്നത്. 2017ൽ ഫ്രഞ്ച് ഓപ്പൺ മിക്‌സഡ് ഡബിൾസില്‍ ഗബ്രിയേല ഡബ്രോവിസ്‌കിയുമൊത്ത് ബൊപ്പണ്ണ കിരീടം നേടിയിരുന്നു .

Advertisement
Advertisement