പാത റെഡി, ട്രെയിനുകളെത്താൻ സൗകര്യമില്ലാതെ ടെർമിനലുകൾ

Thursday 02 June 2022 1:39 AM IST

തിരുവനന്തപുരം: ഏറെ കാത്തിരിപ്പിനൊടുവിൽ മംഗലാപുരം മുതൽ തിരുവനന്തപുരം വരെ ഇരട്ടപ്പാത യാഥാർത്ഥ്യമായെങ്കിലും കൂടുതൽ സർവ്വീസുകൾ എന്ന സ്വപ്നം ഇനിയും അകലെ. നിലവിലെ ട്രെയിനുകൾ സമയകൃത്യതയോടെ ഓടിക്കാൻ കഴിയുമെന്നത് മാത്രമാണ് ഇപ്പോഴുള്ള പ്രയോജനം.

എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ പാത ഇരട്ടിപ്പ് പൂർത്തിയായതോടെ തിരുവനന്തപുരത്തേക്ക് നീട്ടാനും തലസ്ഥാനനഗരത്തെ ബന്ധിപ്പിച്ച് കൂടുതൽ ദീർഘദൂരട്രെയിനുകൾ ആരംഭിക്കാനും കഴിയും. റെയിൽവേ ടെർമിനലുകളിലും പ്രധാന സ്റ്റേഷനുകളിലും അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതാണ് ഇതിന് തടസ്സം.

തിരുവനന്തപുരം സെൻട്രലിലും കൊച്ചുവേളിയിലും കൂടുതൽ ട്രെയിനുകളിടാൻ സൗകര്യമില്ല. സെൻട്രൽ സ്റ്റേഷനിൽ സ്ഥലപരിമിതിയാണ് പ്രശ്നം. കൊച്ചുവേളിയിൽ സ്ഥലമുണ്ടെങ്കിലും അതനുസരിച്ചുള്ള വികസനപ്രവർത്തനമില്ല. ട്രെയിനുകളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് പ്ളാറ്റ് ഫോം,​ മെയിന്റനൻസ് - പിറ്റ് ലൈനുകൾ എന്നിവ കൊച്ചുവേളിയിൽ ഇല്ല. അതിനാൽ ഗതാഗതവും മെയിന്റനൻസും ഇപ്പോൾ തന്നെ അവതാളത്തിലാണ്. ദിവസം എട്ട് സർവ്വീസുകളാണ് ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. അത്രയും തന്നെ എത്തിച്ചേരുന്നുമുണ്ട്. വരുന്ന ട്രെയിനുകൾ കഴുകാനും കോച്ച് മെയിന്റനൻസിനും ആവശ്യമായ പാളങ്ങൾ ഇവിടെയില്ല. അതിനാൽ യാത്രക്കാരെ ഇറക്കിയശേഷം കടയ്ക്കാവൂർ, വർക്കല, പരവൂർ റെയിൽവേ സ്റ്റേഷനുകളിൽ എത്തിക്കും. പുറപ്പെടേണ്ടതിന് തൊട്ടുമുമ്പായി തിരികെ എത്തിച്ച് മെയിന്റനൻസ് നടത്തി വെള്ളം നിറച്ച് പുറപ്പെടുകയാണ് പതിവ്. കൊച്ചുവേളിയെ വികസിപ്പിക്കാനുള്ള മാസ്റ്റർപ്ളാനുണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല.

കൊച്ചുവേളി വികസിപ്പിക്കണം

കൊച്ചുവേളിയിൽ ആറ് പ്ളാറ്റ് ഫോം ലൈനാണ് നിർദ്ദേശിച്ചത്.നിലവിൽ നാലേയുള്ളൂ.രണ്ടുംമൂന്നും പ്ളാറ്റ് ഫോമുകളിൽ ഓരോ ലൈൻ കൂടി സ്ഥാപിച്ചാൽ കൂടുതൽ ട്രെയിനുകളെത്തിക്കാം. മെയിന്റനൻസിനായി 5ലൈനുകൾ വേണമെന്നായിരുന്നു നിർദ്ദേശം.കൊച്ചുവേളിയിലെ ട്രെയിനുകൾക്കുപുറമേ തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള കേരള എക്സ് പ്രസ്,കണ്ണൂർ എന്നിവ കൂടി മെയിന്റനൻസ് ചെയ്യുന്നത് കൊച്ചുവേളിയിലാണ്. മൂന്ന് ലൈനുകളാണ് മെയിന്റനൻസിനുള്ളത്.സർവീസ് കഴിഞ്ഞെത്തുന്ന ട്രെയിനുകൾ നിറുത്തിയിടാനുള്ള സ്റ്റേബ്ളിംഗ് ലൈൻ മൂന്നെണ്ണമേയുള്ളൂ.

നേമം പദ്ധതി

നേമംപദ്ധതിക്കായി ഭൂമിയേറ്റെടുക്കാൻ റെയിൽവേ അപേക്ഷ നൽകിയിരുന്നെങ്കിലും ഇതുവരെ അതിനു പണം വകയിരുത്തുകയോ എസ്റ്റിമേറ്റിന് അന്തിമഅനുമതി നൽകുകയോ ചെയ്തിട്ടില്ല. സ്ഥലമേറ്റെടുക്കുന്നതിന് പുറമെ 117കോടി രൂപയാണു പുതുക്കിയ എസ്റ്റിമേറ്റ് തുക.

5സ്റ്റേബിളിംഗ് ലൈനുകൾ, 2പ്ലാറ്റ്‌ഫോം ലൈനുകൾ,ഷണ്ടിംഗ് ലൈനുകൾ എന്നിവയാണു ഒന്നാം ഘട്ടത്തിൽ വരേണ്ടത്. 4പിറ്റ്‌ലൈനുകൾ,പവർ കാർഷെഡ്,സിക്ക് ലൈനുകൾ എന്നിവയാണു രണ്ടാം ഘട്ടത്തിൽ നിർമ്മിക്കേണ്ടത്. ഇതിൽ ഒന്നാം ഘട്ടത്തിന്റെ എസ്റ്റിമേറ്റ് പാസാക്കി കിട്ടാനാണ് കേരളം കാത്തിരിക്കുന്നത്.

റെയിൽവേ ടെർമിനൽ

മെയിന്റനൻസ്, സർവ്വീസിംഗ്, വൃത്തിയാക്കൽ എന്നിവ നടത്താനുള്ള പിറ്റ് ലൈനുകളും സർവ്വീസ് നടത്താത്ത ട്രെയിനുകൾ മാറ്റിയിടാനുള്ള യാർഡുകളും ഉൾപ്പെടുന്നതാണ് ടെർമിനലുകൾ. കേരളത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും കൊല്ലത്തുമാണ് ഇതുള്ളത്. കൊല്ലത്ത് മെമു, പാസഞ്ചർ ട്രെയിനുകൾക്ക് മാത്രമായാണിത് ഉപയോഗിക്കുന്നത്. എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ രണ്ട് പിറ്റ് ലൈനുകൾ മാത്രമാണുള്ളത്.

#സംസ്ഥാനത്തെ ആകെ ട്രെയിൻ സർവ്വീസ് 230

എക്‌സ്‌പ്രസ് 204

പാസഞ്ചർ 26

Advertisement
Advertisement