മിത്രമോളുടെ സ്വന്തം മന്ത്രിയമ്മ

Thursday 02 June 2022 12:49 AM IST

പത്തനംതിട്ട : ആറൻമുള ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യൂണിഫോമിട്ട് പുഞ്ചിരിച്ച് നിൽക്കുന്ന മിത്രയെ മന്ത്രി വീണാജോർജ് ചേർത്ത് പിടിച്ചു. 2018ലെ പ്രളയത്തിൽ രക്ഷാപ്രവർത്തകർ തന്റെ കയ്യിലേക്ക് വച്ച് തന്ന എട്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മുഖമായിരുന്നു അപ്പോൾ മന്ത്രിയുടെ മനസിൽ. ആറൻമുള സ്വദേശിയായ സുരേന്ദ്രന്റേയും രഞ്ജിനിയുടേയും മകളായ മിത്രയ്ക്ക് എട്ട് ദിവസം പ്രായമുണ്ടായിരുന്നപ്പോഴാണ് മഹാപ്രളയം ഉണ്ടാകുന്നത്. അന്ന് എം.എൽ.എ ആയിരുന്ന വീണാജോർജ് ഇടപെട്ടാണ് മിത്രയടങ്ങിയ കുടുംബത്തെ കരയ്ക്കെത്തിച്ചത്. വീട് പൊളിച്ച് വീടിന് മുകളിൽ കയറിയിരുന്ന് സ്ഥലം എം.എൽ.എയെ വിവരം ധരിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആ സ്ഥലത്തേക്ക് പോയ വള്ളത്തിൽ അവരെ കയറ്റാൻ നിർദേശം നൽകുകയായിരുന്നു.

വർഷങ്ങൾക്ക് ശേഷം മിത്രയെ കണ്ടപ്പോൾ തന്നെ ആദ്യപാഠമായി മാസ്‌ക് കൃത്യമായി ധരിപ്പിച്ചു മന്ത്രി. മിത്രയെ മടിയിൽ എടുത്ത് വച്ച മന്ത്രി നന്നായി പഠിക്കണമെന്ന് ഉപദേശിച്ചു.

Advertisement
Advertisement