നാട്ടുപഴങ്ങൾ വിളമ്പി കുട്ടികളെ വരവേറ്റ് പ്രമാടം നേതാജി സ്കൂൾ

Thursday 02 June 2022 12:51 AM IST

പത്തനംതിട്ട : ഓലപ്പുരയ്ക്കുള്ളിൽ തൂക്കിയിട്ട ഞാലിപ്പൂവനും കൈതച്ചക്കയും ചക്കപ്പഴവും മാമ്പഴവും പേരയ്ക്കയും ഓമയ്ക്കയും പകർന്ന നാട്ടരുചിയോടെയാണ് പ്രമാടം നേതാജി സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമാക്കിയത്. സ്‌കൂൾ കവാടം മുതൽ സ്റ്റേജ് വരെ വിവിധതരം ഇലകളും കുരുത്തോലകളും കൊണ്ട് അലങ്കാരം തീർത്തപ്പോൾ പ്രവേശനോത്സവം പ്രകൃതിസൗഹൃദമായി. കടലാസു പേനകളും വിത്തുകളും സമ്മാനമായി നൽകി. അദ്ധ്യാപകർ വീടുകളിൽ കൃഷി ചെയ്തുണ്ടാക്കിയ പഴങ്ങളാണ് കുട്ടികൾക്ക് നൽകിയത്. നാട്ടുപാട്ടു സദ്യയും കുട്ടികൾക്കായി അവതരിപ്പിച്ചു. സ്‌കൂൾ മാനേജർ ബി.രവീന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അമൃതാ സജയൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി സി ബാബു, പഞ്ചായത്തംഗം ലിജാ ശിവപ്രകാശ്, പി.ടി.എ പ്രസിഡന്റ് ബി.ശ്രീനിവാസൻ, ആർ. ദിലീപ്, ഹെഡ്മിസ്ട്രസ് ശ്രീലത.സി, അജൻപിള്ള.എൻ.എസ് എന്നിവർ സംസാരിച്ചു. നാടകക്കാരൻ മനോജ് സുനി, പ്രവീൺകുമാർ.സി, കെ.ബി.ലാൽ, അജി ഡാനിയേൽ , ബിജു.എസ് എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement