50 %സ്വാശ്രയ മെഡിക്കൽ സീറ്റിൽ സർക്കാർ ഫീസിൽ പഠിക്കാം

Thursday 02 June 2022 12:53 AM IST

തിരുവനന്തപുരം: നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കിലെത്തിയിട്ടും സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 50 % മെരിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കുന്ന പാവപ്പെട്ടവരും പിന്നാക്കക്കാരുമായ കുട്ടികൾക്കടക്കം ഇനി 25,000 രൂപയ്ക്ക് പഠിക്കാം.സ്വാശ്രയ മെഡിക്കൽ കോളേജുകളിലും കല്പിത സർവകലാശാലയിലും പകുതി സീറ്റുകളിൽ ഗവ.മെഡിക്കൽ കോളേജുകളിലെ ഫീസ് ഈടാക്കണമെന്നാണ് മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശം.

സംസ്ഥാനത്തെ 19 സ്വാശ്രയ മെഡിക്കൽ കോളേജുകളിലും, കല്പിത സർവകലാശാലയിലുമുള്ള 2745 സീറ്റുകളിൽ പകുതിയായ 1370 സീറ്റിലാവും ഈ ഫീസ് . മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശം പാലിക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. 50% സീറ്റിലും മെരിറ്റും സംവരണവും ഉറപ്പാക്കി സംസ്ഥാന എൻട്രൻസ് കമ്മിഷണറാവും അലോട്ട്മെന്റ് നടത്തുക.

സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ നേരത്തേ, സർക്കാരിന് ലഭിക്കുന്ന 50 % സീറ്റിൽ 14% ബി.പി.എൽ, 26% എസ്.ഇ.ബി.സി വിഭാഗക്കാർക്ക് 25,000 രൂപയും ശേഷിക്കുന്നവർക്ക് 2.5 ലക്ഷവുമായിരുന്നു ഫീസ്. എന്നാൽ, പകുതി സീറ്റുകളിൽ ഉയർന്ന ഫീസീടാക്കി ശേഷിക്കുന്നവർക്ക് ഫീസ് ആനുകൂല്യം നൽകുന്ന ക്രോസ് സബ്സിഡി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി.ഇതോടെ, 85% സീറ്റിലും ഒറ്റ ഫീസ് ഏർപ്പെടുത്തുകയായിരുന്നു. റാങ്കിൽ മുന്നിലെത്തുന്നവരിൽ നിന്നടക്കം 6.61 മുതൽ 7.65 ലക്ഷം വരെ ഫീസാണ് സ്വാശ്രയ കോളേജുകൾ ഈടാക്കുന്നത്. 86,600വരെ സ്‌പെഷ്യൽ ഫീസുമുണ്ട്.ഇത്രയും വലിയ ഫീസ് താങ്ങാനാവാതെ, നീറ്റ് റാങ്കിൽ മുന്നിലെത്തിയ നിരവധി നിർദ്ധന വിദ്യാർത്ഥികൾ മെഡിക്കൽ പഠനം

ഉപേക്ഷിച്ചിട്ടുണ്ട്.

 മാനേജ്മെന്റ് സീറ്റിൽ കൂട്ടാൻ സാദ്ധ്യത

മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശപ്രകാരം 50% സീറ്റിൽ ഗവ.ഫീസായാൽ, ശേഷിക്കുന്ന സീറ്റുകളിൽ ഉയർന്ന ഫീസ് ഈടാക്കാൻ മാനേജുമെന്റുകൾ ശ്രമിച്ചേക്കും. കോളേജ് നടത്തിപ്പിനുള്ള മൊത്തം ചെലവ് ഇത്തരത്തിൽ ഈടാക്കാനാകും ശ്രമം. അതോടെ , നിലവിലെ ഫീസ് കുത്തനെ ഉയർന്നേക്കും.

Advertisement
Advertisement