അസ്വാഭാവിക മരണങ്ങളിൽ 4 മണിക്കൂറിനകം ഇൻക്വസ്റ്റ് ,​ പോസ്റ്റ്‌മോർട്ടം വേഗത്തിൽ, ചെലവ് പൊലീസ്

Thursday 02 June 2022 12:00 AM IST

തിരുവനന്തപുരം: അസ്വാഭാവികമരണങ്ങളിൽ നാലു മണിക്കൂറിനകം ഇൻക്വസ്​റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്​റ്റ്‌മോർട്ടത്തിന് അയയ്ക്കണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാരോട് ഡി.ജി.പി അനിൽകാന്ത് നിർദ്ദേശിച്ചു. രാത്രിയിലും ഇൻക്വസ്റ്റ് നടത്താം. കൂടുതൽ സമയമെടുക്കുന്നെങ്കിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കാരണം രേഖപ്പെടുത്തണം. ഇൻക്വസ്റ്റ് നടത്താൻ വേണ്ട വെളിച്ചമൊരുക്കാനും മൃതദേഹം ആശുപത്രിയിലെത്തിക്കാനുമുള്ള ചെലവുകൾ പൊലീസ് വഹിക്കും. ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനയയ്ക്കാനും ഒരുകാരണവശാലും കാലതാമസമോ തടസമോ ഉണ്ടാകാൻ പാടില്ലെന്നും ഡി.ജി.പി നിർദ്ദേശം നൽകി.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും കാസർകോട് ജനറൽ ആശുപത്രിയിലും രാത്രി പോസ്റ്റുമാർട്ടം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരായ ഹർജി തള്ളിയ ഹൈക്കോടതി, ആറുമാസത്തിനകം രാത്രി പോസ്റ്റുമാർട്ടം തുടങ്ങണമെന്ന് കഴിഞ്ഞ ഡിസംബറിൽ ഉത്തരവിട്ടിരുന്നു. അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്താൽ ഇൻക്വസ്​റ്റും പോസ്​റ്റുമോർട്ടവും നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകേണ്ട ചുമതല സർക്കാരിനായിരിക്കുമെന്നും അതിനുള്ള ചെലവ് സർക്കാർ വഹിക്കണമെന്നുമാണ് ഹൈക്കോടതി ഉത്തരവ്.

അഞ്ചു മെഡിക്കൽ കോളേജുകളിൽ പൈല​റ്റ് പദ്ധതിയെന്ന നിലയിൽ രാത്രി പോസ്​റ്റുമോർട്ടം ആരംഭിക്കുന്നതിന് 2015ൽ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ആവശ്യത്തിന് ഡോക്ടർമാരും സൗകര്യങ്ങളുമില്ലെന്ന കാരണത്താൽ നടപ്പാക്കാനായിരുന്നില്ല.

നിലവിൽ

അസ്വാഭാവികമരണം റിപ്പോർട്ട്‌ചെയ്താൽ ആദ്യം ഒരു ഉദ്യോഗസ്ഥനെ സ്ഥലത്തുനിറുത്തി പൊലീസ് മടങ്ങും. അതിനുശേഷം ഏറെ വൈകിയാണ് ഇൻക്വസ്​റ്റ് തയ്യാറാക്കുന്നത്. മൃതദേഹം വിട്ടുകിട്ടുന്നതിനായി ബന്ധുക്കൾ പൊലീസ് സ്​റ്റേഷനിലും ആശുപത്രിയിലും കയറിയിറങ്ങണം.

ഇനി...

അസ്വാഭാവികമരണം പൊലീസ് സ്​റ്റേഷനിൽ അറിയിച്ചാൽ ബാക്കിയുള്ള നടപടികളെല്ലാം പൊലീസ് സ്വീകരിക്കണം. അതിനുള്ള എല്ലാ ചെലവും സർക്കാർ വഹിക്കണം.

''മരണശേഷവും മനുഷ്യന്റെ മൗലികാവകാശങ്ങൾ തുടരുന്നുണ്ട്. പോസ്​റ്റുമോർട്ടം വൈകുന്നത് മരിച്ചയാളുടെ അവകാശങ്ങളുടെ ലംഘനമാണ്.''

-ഹൈക്കോടതി

Advertisement
Advertisement