പച്ചത്തേങ്ങ, കൊപ്ര: കൂടുതൽ കേന്ദ്രങ്ങളിൽ ഈയാഴ്ച സംഭരണം

Thursday 02 June 2022 12:06 AM IST

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ കൂടുതലായി ചുമതലപ്പെടുത്തിയ കേന്ദ്രങ്ങളിൽ പച്ചത്തേങ്ങ, കൊപ്ര സംഭരണം ഈയാഴ്ച തുടങ്ങും. വിലയിടിവ് തുടരുന്ന സാഹചര്യത്തിലാണിത്. വി.എഫ്.പി.സി.കെയുടെ വിപണികൾ വഴിയും സ്വാശ്രയ കർഷക സംഘങ്ങൾ വഴിയും സംഭരിക്കും.

പാലക്കാട് (15), മലപ്പുറം (11), കോഴിക്കോട് (10) ജില്ലകളിലാണ് കൂടുതൽ കേന്ദ്രങ്ങൾ. ഇവിടങ്ങളിൽ സംഭരണം ചൊവ്വ, വ്യാഴം ദിവസങ്ങളിൽ.

കണ്ണൂരിൽ അഞ്ചും കാസർകോട്, കോഴിക്കോട് ജില്ലകളിൽ മൂന്നുവീതം സഹകരണ സംഘങ്ങളാണ് സംഭരണം നടത്തുക. പുതുതായി നിയോഗിച്ച സംഘങ്ങളിലെ സംഭരണം കേരഫെഡ് എം.ഡി ഏകോപിപ്പിക്കും. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സംഭരണ കേന്ദ്രങ്ങളിൽ വച്ചുതന്നെ കർഷകരുടെ അപേക്ഷകളടക്കം പരിശോധിച്ച് തുക ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കും.

പാലക്കാട്ട് സ്വാശ്രയ കർഷക സംഘങ്ങൾ ആഴ്ചയിൽ അഞ്ചുടൺ പച്ചത്തേങ്ങ സംഭരിക്കണം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആഴ്ചയിൽ 10 ടൺവരെ. സംഭരിക്കുന്ന പച്ചത്തേങ്ങയുടെ വിവരം അതത് ദിവസം കേരഫെഡിനെ അറിയിക്കണം.

Advertisement
Advertisement