സെൽഫ് ക്ളോണിംഗ്: പടർന്ന് പരന്ന് ഭൂമിയിലെ ഏറ്റവും വലിയ സസ്യം

Thursday 02 June 2022 12:00 AM IST

കാൻബെറ : കൂട്ടമായി പടർന്ന് വളരുന്ന, യു.എസിലെ മാൻഹട്ടൻ നഗരത്തിന്റെ മൂന്നിരട്ടിയോളം വലിപ്പമുള്ള കടൽപ്പുല്ല് (സീഗ്രാസ് ) സസ്യത്തെ പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്ത് കണ്ടെത്തി. ഒരൊറ്റ വിത്തിൽ നിന്ന് കുറഞ്ഞത് 4,500 വർഷം കൊണ്ടാണ് സസ്യം ഇത്രയും പടർന്നതെന്ന് കരുതുന്നു. സ്വയം ക്ലോണിംഗ് പ്രക്രിയ വഴിയാണ് 'പൊസിഡോണിയ ഓസ്ട്രേലിസ് " എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന സസ്യം പടർന്നുകൊണ്ടിരിക്കുന്നത്. ഭൂമിയിൽ കണ്ടെത്തിയ ഏറ്റവും വലിയ സസ്യമാണിത്. അതായത്, ഏകദേശം 20,000 ഫുട്‌ബോൾ മൈതാനങ്ങളുടെ വിസ്തൃതി ! കടലിൽ നിരവധി കടൽപ്പുല്ലുകൾ ചേർന്നുണ്ടായ പുൽത്തിട്ടയാകാമിതെന്നായിരുന്നു ഗവേഷകർ ആദ്യം കരുതിയത്. എന്നാൽ, ഒരൊറ്റ സസ്യമാണെന്ന് ജനിതക പരിശോധനയിലൂടെ കണ്ടെത്തി. വർഷത്തിൽ 30 സെന്റീമീറ്റർ വരെ ഇവ വ്യാപിക്കാറുണ്ടെന്നാണ് കണ്ടെത്തൽ.

പെർത്തിന് വടക്ക് 800 കിലോമീറ്റർ അകലെ ഷാർക് ബേയിൽ ഏകദേശം 180 കിലോമീറ്റർ നീളത്തിൽ, 200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് റിബൺ വീഡ് സീഗ്രാസ് ഇനത്തിൽപ്പെട്ട ഈ സസ്യം വ്യാപിച്ചിരിക്കുന്നത്. വളരെ കട്ടിയേറിയ ഇലകളാണ് ഇവയ്ക്ക്. യൂണിവേഴ്സിറ്റി ഒഫ് വെസ്റ്റേൺ ഓസ്ട്രേലിയ, ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകർ ഷാർക് ബേയിലെ ജനിത വൈവിദ്ധ്യത്തെ പറ്റി നടത്തിയ പഠനങ്ങളാണ് കണ്ടെത്തലിലേക്ക് നയിച്ചത്. ചെറുമത്സ്യങ്ങൾ, ഡോൾഫിനുകൾ തുടങ്ങിയവയുടെ ആവാസ വ്യവസ്ഥയാണ് ഇവിടം.

യു.എസിലെ യൂട്ടയിലെ പാൻഡോ എന്നറിയപ്പെടുന്ന ആസ്പൻ മരത്തിന്റെ റെക്കാഡാണ് വിസ്തൃതിയുടെ കാര്യത്തിൽ ഓസ്ട്രേലിയൻ കടൽപ്പുല്ല് തകർത്തിരിക്കുന്നത്. മണ്ണിനടിയിലെ ഭീമൻ വേര് ശൃംഖലയോടെ, മരങ്ങളുടെ കോളനി പോലെ പാൻഡോയും സ്വയം ക്ലോൺ പ്രക്രിയയിലൂടെ വ്യാപിക്കുകയായിരുന്നു.

Advertisement
Advertisement