വീണ്ടും പിടിമുറുക്കി കൊവിഡ്

Friday 03 June 2022 12:14 AM IST

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും കൊവിഡ് പിടിമുറുക്കുകയാണ്. സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണത്തിൽ ഒന്നാമത് നിൽക്കുന്നത് എറണാകുളം ജില്ലയാണ്. ബുധനാഴ്ച കൊവിഡ് രോഗബാധിതരായ 1,370 പേരിൽ 463 പേരും എറണാകുളത്ത് നിന്നാണ്. ഒരാഴ്ചയിൽ നൂറുപേരിൽ കൂടുതൽ രോഗബാധിതരാകുന്നത് എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ്. സ്കൂളുകൾ തുറന്നതോടെ രോഗം വ്യാപിക്കുന്നത് ആശങ്ക വർദ്ധിച്ചിരിക്കുകയാണ്.

കൊവിഡ് ഒരിക്കൽ വന്നു പോകുന്നതല്ല, ആവർത്തിച്ചു വരുന്ന രോഗമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. കൊവിഡ് സമൂഹത്തിൽ നിന്ന് മുഴുവനായും മാറിയിട്ടില്ലെന്ന തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാകണം. നിലവിൽ കൊവിഡ് പരിശോധനകളുടെ എണ്ണം വളരെ കുറവാണ്. കൊവിഡ് പ്രതിരോധ മാർഗങ്ങളായ സാമൂഹിക അകലവും മാസ്‌കും കൈകഴുകലും പാലിക്കാനും ജനങ്ങൾ മടി കാണിക്കുന്നുണ്ട്. ഇത് വൈറസ് വ്യാപിക്കാനുള്ള വഴിയൊരുക്കുകയാണ് ചെയ്യുന്നത്. പ്രതിരോധകുത്തിവയ്പ് എടുത്താലും മൂന്ന് മാസത്തിൽ കൂടുതൽ ഇവ പ്രതിരോധം തീർക്കുകയുമില്ല.

ജലദോഷത്തിന്റെ വൈറസ് മൂക്കിലും തൊണ്ടയിലും മാത്രമേ ബാധിക്കുകയുള്ളു. കൊവിഡ് വൈറസ് രക്തകുഴലുകളിലൂടെ കടന്ന് ഹൃദയത്തിലും തലച്ചോറിലും വരെ ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും. കൊവിഡാനന്തരം ദീർഘകാലമായി വിട്ടുമാറാത്ത തലവേദനയും ശരീര വേദനയുമായി ജീവിക്കുന്ന നിരവധിപേർ ഇവിടെയുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.

 പനിയെ സൂക്ഷിക്കുക

പനിയുള്ളവർ വീട്ടിലിരിക്കുക. സ്കൂളിലോ ഓഫീസിലോ പോകാൻ പാടില്ല. നിർബന്ധമായും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുക.

 മാസ്കിനെ പുച്ഛിക്കരുത്

ഒമിക്രോണിന്റെ ഉപശാഖകളാണ് ഇപ്പോൾ കളിക്കുന്നത്. വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. നിലവിൽ പനി ബാധിച്ചാൽ ആന്റിജൻ പരിശോധനയ്ക്കാണ് മിക്കവരും വിധേയരാകുന്നത്. ഒമൈക്രോൺ വകഭേദം ആന്റിജൻ പരിശോധനയിലൂടെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. പരിശോധന വ്യാപകമല്ലാത്തതിനാൽ രാജ്യത്ത് കൊവിഡ് കേസുകളുടെ വ്യക്തമായ ചിത്രമല്ല ലഭിക്കുന്നത്. പനി ക്ലസ്റ്ററുകൾ കേരളത്തിലുണ്ട്. ഇവയിൽ കൃത്യമായി എത്ര കൊവിഡുണ്ടെന്ന് തിരിച്ചറിയാൻ ഇപ്പോൾ സാധിക്കുന്നില്ല. മഴക്കാലമായതിനാൽ അന്തരീക്ഷത്തിലെ ഈർപ്പം മൂലം കൊവിഡ്, ഇൻഫ്‌ളുവെൻസ പോലെ ഏത് വൈറസുകൾക്കും അകത്തളങ്ങളിൽ പകരാൻ കൂടുതൽ എളുപ്പമാണ്.

കൊവിഡ് വിട്ടുപോയെന്ന മട്ടിലാണ് ജനങ്ങൾ ജീവിക്കുന്നത്. രോഗത്തെ നിസാരവത്കരിക്കരുത്. ജാഗ്രതയാണ് വേണ്ടത്. കൂടിച്ചേരലുകൾ കഴിയുന്നതും ഒഴിവാക്കുക. അകത്തളങ്ങളിൽ മാസ്ക് ശീലമാക്കുക, അപരിചിതരുമായി ഇടപെടുമ്പോൾ മാസ്ക് ധരിക്കുക.


ഡോ.രാജീവ് ജയദേവൻ

വൈസ് ചെയർമാൻ

ഐ.എം.എ റിസർച്ച് സെൽ

Advertisement
Advertisement