ശബരിമല കത്തി ജ്വലിച്ചിട്ടും ശബരിമലയിൽ സംഭവിച്ചതെന്ത്? ബി.ജെ.പിയ്‌ക്ക് പിഴച്ചതെവിടെ?

Friday 24 May 2019 10:58 AM IST

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായിരുന്നിട്ടു കൂടി ബി.ജെ.പി സ്ഥാനാർത്ഥി കെ.സസുരേന്ദ്രന് പത്തനംതിട്ടയിൽ മൂന്നാമതെത്താനെ കഴിഞ്ഞുള്ളൂ. ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ അട്ടിമറിച്ച് യു.ഡി.എഫിന്റെ ആന്റോ ആന്റണി ഹാട്രിക് ജയം നേടുകയായിരുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങൾ മറികടന്ന് എൽ.ഡി.എഫിലെ വീണാജോർജ് രണ്ടാമതെത്തി. ആന്റോയുടെ ഭൂരിപക്ഷം 2014നെക്കാൾ കുറയ്ക്കാനും വീണയ്‌ക്ക് കഴിഞ്ഞു.

എന്നാൽ 2014നെക്കാൾ ഒന്നരലക്ഷത്തിലേറെ വോട്ടുകൾ നേടാൻ കഴിഞ്ഞുവെന്നത് ബി.ജെ.പിയ്‌ക്ക് ആശ്വാസമായി. കേന്ദ്രത്തിൽ ബി.ജെ.പി വീണ്ടും വരുമെന്ന ആശങ്കയിൽ മതന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിലേക്കെത്തി. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ചിന്തിച്ച ഹിന്ദു വോട്ടുകൾ യു.ഡി.എഫിനും ബി.ജെ.പിക്കുമായി ഭിന്നിച്ചതും ആന്റോയുടെ വിജയത്തിന് കാരണമായി.

ഏഴിൽ ആറ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടാൻ ആന്റോ ആന്റണിക്കായി. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തിരുവല്ല, റാന്നി, ആറൻമുള, കോന്നി മണ്ഡലങ്ങളിലാണ് ആന്റോ മുന്നിലെത്തിയത്. ശബരിമല വിഷയത്തിൽ നാമജപമടക്കമുള്ള പ്രക്ഷാേഭങ്ങൾ നടന്ന പന്തളമടങ്ങുന്ന അടൂർ മണ്ഡലത്തിൽ വീണാ ജോർജിനാണ് ലീഡ്. കെ. സുരേന്ദ്രൻ അരലക്ഷത്തോളം വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. ആന്റോ മൂന്നാമതായി.

എൻ.എസ്.എസിന്റെ പിന്തുണ കിട്ടാതിരുന്നതാണ് ആറന്മുളയിലടക്കം സുരേന്ദ്രന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. ശബരിമലയിൽ പിണറായി സർക്കാറിനെതിരെ കടുത്ത നിലപാടെടുത്ത എൻ.എസ്.എസ് സുരേന്ദ്രന് വോട്ട് ചെയ്‌താൽ വീണ ജയിക്കുമെന്ന സാഹചര്യത്തിൽ ആന്റോയെ സഹായിച്ചെന്നാണ് ബി.ജെ.പി കണക്ക് വിശദീകരണം.

അമിത്‌ഷായും യോഗി ആദിത്യനാഥുമൊക്കെ പലവട്ടം പ്രചാരണത്തിനെത്തിയ പത്തനംതിട്ടയിൽ വലിയ വിജയ പ്രതീക്ഷയാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ശബരിമല സമര നായകനെന്ന നിലയിൽ അവതരിപ്പിച്ച് മത്സരത്തിനിറക്കിയിട്ടും വോട്ട് പിടിച്ചതിൽ കവിഞ്ഞ് ഒരു ചലനവും ഉണ്ടാക്കാൻ കെ സുരേന്ദ്രന് കഴിഞ്ഞില്ല.

പൂഞ്ഞാറിൽ യു.ഡി.എഫ്

പൂഞ്ഞാറിൽ യു.ഡി.എഫ് ലീഡ് നേടിയത് എൻ.ഡി.എയ്‌ക്കൊപ്പം ചേർന്ന ജനപക്ഷത്തിനും പി.സി. ജോർജ് എം.എൽ.എയ്ക്കും കനത്ത തിരിച്ചടിയായി. ഇവിടെ ആന്റോ ആന്റണിക്ക് 61530 വോട്ട് ലഭിച്ചു. രണ്ടാമതെത്തിയ വീണാ ജോർജിന് 43601വോട്ട് ലഭിച്ചപ്പോൾ കെ. സുരേന്ദ്രൻ 30990 വോട്ടുകളുമായി മൂന്നാമതായി. എൻ.ഡി.എ ലീഡ് പ്രതീക്ഷിച്ചിരുന്ന പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കോന്നി മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തും അടൂരിൽ രണ്ടാം സ്ഥാനത്തുമായി.