അന്തിക്കാടൻ വഴികളിലുണ്ട്,​ സത്യന്റെ കഥ മുഴക്കം

Friday 03 June 2022 12:00 AM IST

തൃശൂർ: അന്തിക്കാട്ടെ വീട്ടിൽ നിന്ന് കഥകളിലേക്ക് പരക്കംപാഞ്ഞൊരു സൈക്കിളിൽക്കാലമുണ്ട്,​ സംവിധായകൻ സത്യൻ അന്തിക്കാടിന്. അന്തിക്കാട് ഗ്രാമീണ വായനശാലയിൽ നിന്ന് മൂന്നു കിലോമീറ്റർ അപ്പുറം ശ്രീകൃഷ്ണ ലൈബ്രറിയിലേക്ക്. അവിടെയില്ലാത്ത എം.ടിയുടെ കഥ തപ്പി അടുത്ത ഗ്രാമത്തിലെ മണലൂർ വായനശാലയിലേക്ക്. പത്തൊമ്പതാം വയസ്സിൽ സിനിമ പഠിക്കാൻ ചെന്നൈയിലേക്ക് ട്രെയിൻ കയറിയ സത്യന്റെ മനസ്സിൽ,​ സംവിധായകനായി ടൈറ്റിൽ കാർഡിൽ പേരു തെളിഞ്ഞ അൻപത്തിയേഴു സിനിമകൾക്കിപ്പുറവും അതേ സൈക്കിൾക്കാലത്തിന്റെ മണിമുഴക്കം.

ഇന്നലെ,​ സംസ്ഥാന കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനത്തിന് ഞാനും മുൻ മന്ത്രി വി.എസ്. സുനിൽ കുമാറും കൂടി പോയത് സൈക്കിളിലാണ്. വീടിനു കുറച്ചപ്പുറം പാടത്താണ് പരിപാടി. കാറിൽ പോകാനുള്ള ദൂരമില്ല. ‍ഞാൻ സൈക്കിളെടുത്തു. ഇപ്പോൾ വീട്ടിൽ പിള്ളേരുടെ സൈക്കിളേയുള്ളൂ. പൊക്കം പോരാ. ​ കമിഴ്ന്നു കിടന്ന് ഓടിക്കണം. എന്നാലും അന്തിക്കാട്ടെ വഴികളിലൂടെയുള്ള ഓരോ സവാരിയും ഓർമ്മകളിലേക്കു ചവിട്ടിപ്പോകാനുള്ള കഥവഴിയാണ്- സത്യൻ പറയുന്നു.

ജ്യേഷ്ഠൻ മോഹനൻ സമ്മാനിച്ച ഇരട്ടത്തണ്ടൻ ഹീറോ സൈക്കിളാണ് എന്റെ ആദ്യ വാഹനം. അന്ന് എട്ടാം ക്ളാസിൽ. ജോലിക്കാരനായ ജ്യേഷ്ഠൻ പുതിയ സൈക്കിൾ വാങ്ങിയപ്പോൾ പഴയത് തന്നു. അന്തിക്കാട്ടെ സൈക്കിൾ ഷോപ്പിൽ കൊണ്ടുപോയി ഡൈനാമോ പിടിപ്പിച്ച് അവനെയൊന്നു സ്റ്റൈലാക്കി. സൈക്കിൾ ചവിട്ടാൻ അതിനു മുൻപേ പഠിച്ചിരുന്നു. വാടക സൈക്കിളിലായിരുന്നു അഭ്യാസം. മണിക്കൂറിന് 50 പൈസ. രാത്രിയിൽ റേറ്റ് കുറയും!

അന്ന് നാട്ടിൽ വീടുകൾ കുറവ്. നോക്കിയാൽ തീരാത്ത ദൂരം വയലുകൾ. വേനലിൽ ഇഷ്ടികക്കളങ്ങൾക്കു മണ്ണെടുക്കുന്ന പാടങ്ങൾ മൈതാനം പോലെ പരന്നു കിടക്കും. നിലാവിൽ ആ മൈതാനങ്ങൾ ഞങ്ങൾക്ക് തിമിർപ്പിന്റെ ഉത്സാഹപ്പറമ്പാകും. സംവിധായകനായതിനു ശേഷവും ആറേഴു വർഷം കഴിഞ്ഞാണ് ഞാൻ കാർ വാങ്ങുന്നത്. അപ്പോഴേക്കും നാടോടിക്കാറ്റും പട്ടണപ്രവേശവും ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റുമൊക്കെ പുറത്തുവന്നിരുന്നു. നാട്ടിൽ വന്നാൽ സ്വന്തം സിനിമ കാണാൻ തിയേറ്ററിൽ പോകുന്നത് സൈക്കിളിൽത്തന്നെ!

തൃപ്രയാർ കവലയിലേ അന്ന് സാഹിത്യ വാരികകളും സിനിമാ പ്രസിദ്ധീകരണങ്ങളും കിട്ടൂ. അന്തിക്കാട്ടു നിന്ന് അ‍ഞ്ചു കിലോമീറ്റർ സൈക്കിൾ ചവിട്ടിപ്പോകും. കടയുടെ ഓരത്ത് സൈക്കിളിൽ ചാരിനിന്ന് വാരികകൾ മറിച്ചുനോക്കുന്ന എന്നെക്കണ്ട് പരിചയക്കാർ പറയും: സത്യാ,​ സിനിമ കണ്ടു ട്ടാ; നന്നായിട്ട്ണ്ട്!

മഴവിൽക്കാവടി,​ തലയണമന്ത്രം,​ മനസ്സിനക്കരെ... അങ്ങനെ ഒരുപാട് സിനിമകളിൽ സൈക്കിളും കഥാപാത്രമാണ്. സംവിധായകന്റെ ജീവിതത്തിൽ നിന്നുള്ള എക്സ്റ്രൻഷൻ ആണ് അയാളുടെ ഓരോ സിനിമയും. എന്റെ സിനിമകളിലെ സൈക്കിളും അങ്ങനെ വന്നതാണ്. കഥകളുടെ നിലാവു പരന്ന പഴയ രാത്രികൾ മനസ്സിൽ നിറച്ച് അന്തിക്കാട്ടെ ഇടവഴികളിലൂടെ ഇപ്പോഴും സത്യന്റെ സൈക്കിൾ മണിമുഴക്കുന്നു.

Advertisement
Advertisement