കോഴി കയറ്റുമതി മതിയാക്കി മലേഷ്യ

Friday 03 June 2022 3:40 AM IST

ക്വാലാലംപൂർ: കുതിച്ചുയരുന്ന ആഭ്യന്തരവിലയ്ക്ക് കടിഞ്ഞാണിടാനായി കോഴി കയറ്റുമതി നിരോധിച്ച് മലേഷ്യ. കോഴിയിറച്ചി ചേർത്തുള്ള ഭക്ഷണത്തിന് വൻ പ്രിയമുള്ള അയൽരാജ്യമായ സിംഗപ്പൂരിനാണ് മലേഷ്യൻ തീരുമാനം കനത്ത തിരിച്ചടിയാവുക. ഉപഭോഗത്തിനുള്ള കോഴിയിറച്ചിയുടെ മൂന്നിലൊന്നും സിംഗപ്പൂർ വാങ്ങിയിരുന്നത് മലേഷ്യയിൽ നിന്നാണ്.

പ്രതിമാസം ശരാശരി 36 ലക്ഷം കോഴികളെയാണ് മലേഷ്യ ജീവനോടെ കയറ്റുമതി ചെയ്‌തിരുന്നത്. ഇതിന്റെ മുന്തിയപങ്കും സിംഗപ്പൂരിലേക്കായിരുന്നു. മലേഷ്യൻ തീരുമാനത്തെ തുടർന്ന് സിംഗപ്പൂരിൽ ചിക്കൻ വിഭവങ്ങൾക്ക് വില കുത്തനെ കൂടിയിട്ടുണ്ട്. ചില റെസ്‌റ്റോറന്റുകൾ ചിക്കന് പകരം പന്നിയും സീഫുഡും മെന്യുവിൽ ഉൾപ്പെടുത്തി.

യുദ്ധക്കെടുതി

യുക്രെയിനിൽ റഷ്യ നടത്തുന്ന യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ അവശ്യവസ്തുക്കൾക്ക് വില കത്തിക്കയറുകയാണ്. ഉത്‌പാദനക്കുറവ്, വിതരണശൃംഖലയിലെ തടസം എന്നിവയാണ് പ്രതിസന്ധിയാകുന്നത്. ഭക്ഷ്യോത്പന്നങ്ങളുടെ വില നിയന്ത്രണാതീതമായി കൂടുന്നതാണ് ലോകരാജ്യങ്ങൾ നേരിടുന്ന മുഖ്യ വെല്ലുവിളി.

 പലരാജ്യങ്ങളും ആഭ്യന്തരവിപണിയെ സംരക്ഷിക്കാനായി ഭക്ഷ്യോത്പന്ന കയറ്റുമതി നിരോധിച്ചു.

 ഇന്ത്യയും സമാനരീതിയിൽ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു.

Advertisement
Advertisement