ആദ്യദിനം, ഒന്നാം ക്ളാസിൽ 4600 കുട്ടികൾ

Friday 03 June 2022 12:18 AM IST

പത്തനംതിട്ട : ജില്ലയിലെ സ്കൂളുകളിൽ ജൂൺ ഒന്നിന് ഒന്നാംക്ളാസിൽ പ്രവേശനം നേടിയത് ഏകദേശം 4600 കുട്ടികൾ. ഗവൺമെന്റ്, എയിഡഡ്, അംഗീകൃത അൺ എയിഡഡ് സ്കൂളുകളിലായാണ് ഇത്രയും കുട്ടികളെത്തിയത്. ആറ് പ്രവർത്തി ദിവസങ്ങൾക്കുശേഷം കുട്ടികളുടെ തലയെണ്ണിയാണ് കൃത്യമായ കണക്ക് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിടുന്നത്. സ്കൂളിലേക്ക് കുട്ടികൾ വീണ്ടുമെത്തുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെ കണക്കെടുക്കുന്നത്. ജില്ലയിൽ ഒന്നു മുതൽ പത്ത് വരെ എൺപതിനായിരത്തോളം കുട്ടികൾ സ്കൂളിലെത്തിയെന്നാണ് അനൗദ്യോഗിക കണക്ക്.

അതേസമയം, കൊവിഡ് സാഹചര്യങ്ങൾക്കിടെ കഴിഞ്ഞ വർഷം ജില്ലയിൽ സ്കൂൾ തുറന്നപ്പോൾ 5114 കുട്ടികളാണ് ഒന്നാം ക്ളാസിൽ പ്രവേശനം നേടിയത്. വെർച്വൽ ക്ളാസുകളാണ് കൂടുതലായി നടന്നത്. ഇൗ വർഷം പ്രവേശന ദിവസം കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ഒരാഴ്ച കൂടി കഴിയുമ്പോൾ വർദ്ധനയുണ്ടാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് കരുതുന്നത്. കൊവിഡിനെ ഭയന്ന് കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാത്ത രക്ഷിതാക്കളുണ്ട്. ഇൗ അദ്ധ്യയന വർഷം ഒാൺലൈൻ ക്ളാസുകൾ ഇല്ലാത്ത സാഹചര്യത്തിൽ കുട്ടികളെ രക്ഷിതാക്കൾ സ്കൂളുകളിലെത്തിക്കുമെന്നാണ് കരുതുന്നത്.

സ്കൂളുകൾ തുറക്കുന്നതിന് മുൻപേ ജില്ലയിൽ പാഠപുസ്തക വിതരണം പൂർത്തിയാക്കിയിരുന്നു. ഗവ., എയിഡഡ് മേഖലകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലേയ്ക്കായി 6,81,678 പാഠപുസ്തകങ്ങളാണ് വിതരണം ചെയ്തത്. ജില്ലയിലെ 11 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലായി 123 സൊസൈറ്റികളിലേയ്ക്ക് വിതരണം ചെയ്ത പാഠപുസ്തകങ്ങൾ സ്‌കൂളുകളിലെ അദ്ധ്യാപകർ കൈപ്പറ്റി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

കുടുംബശ്രീയും കേരള ബുക്സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റിയും സംയുക്തമായാണ് ജില്ലയിൽ പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കിയത്.

'' ആറാം പ്രവർത്തി ദിവസത്തിനു ശേഷമേ കുട്ടികളുടെ കൃത്യമായ കണക്ക് അറിയാനാകൂ. ഇനിയും അഡ്മിഷൻ എടുക്കാനുള്ളവരുണ്ട്.

വിദ്യാഭ്യാസ വകുപ്പ്

Advertisement
Advertisement