ഹൈക്കോടതി നിർദ്ദേശം: അനധികൃത കൊടിമരം വിലക്കിയ സർക്കുലറിൽ വ്യക്തതവേണം

Friday 03 June 2022 3:18 AM IST

കൊച്ചി: റോഡുകളിലും പാതയോരങ്ങളിലും അനധികൃത കൊടിമരങ്ങളും ബാനറുകളും പാടില്ലെന്ന് വ്യക്തമാക്കി സർക്കാർ മേയ് ആറിന് ഇറക്കിയ സർക്കുലറിൽ കൈവരിയിലും ട്രാഫിക് മീഡിയനുകളിലും ഇവ പാടില്ലെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഹൈക്കോടതി. ഇതുൾപ്പെടുത്തി അഡി. ചീഫ് സെക്രട്ടറി പുതിയ സർക്കുലർ ഇറക്കുകയോ നിലവിലെ സർക്കുലറിന് വിശദീകരണം നൽകുകയോ വേണമെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.

പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളേജിനു മുന്നിലെ കൊടിമരങ്ങൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കോളേജ് മാനേജ്മെന്റ് നൽകിയ ഹർജിയിലാണ് ഈ നിർദ്ദേശം. ഹർജി ജൂൺ 23ന് വീണ്ടും പരിഗണിക്കും.

ഹൈക്കോടതി നിർദ്ദേശത്തെത്തു‌ടർന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾക്കായി അഡി. ചീഫ് സെക്രട്ടറിയാണ് സർക്കുലർ ഇറക്കിയത്. ഇന്നലെ സർക്കുലറിന്റെ പകർപ്പ് അഡി. എ.ജി അശോക് എം. ചെറിയാൻ ഹാജരാക്കി. കൈവരികളിലും മീഡിയനുകളിലും സ്ഥാപിക്കുന്നതിന് വിലക്കുണ്ടെങ്കിലേ ബന്ധപ്പെട്ടവർക്ക് നടപടിയെടുക്കാനാകൂവെന്ന് കോടതി പറഞ്ഞു.

Advertisement
Advertisement