ഡോ. എ.ജി. ഒലീന സാക്ഷരതാമിഷൻ ഡയറക്ടർ

Friday 03 June 2022 6:19 AM IST

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടറായി ഡോ. എ.ജി. ഒലീനയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സാക്ഷരതാമിഷൻ ഡയറക്ടറായിരുന്ന ഡോ. പി.എസ്. ശ്രീകല ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിതയായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ കുന്നുകുഴി വാർഡിൽ ഒലീന സി.പി.എം സ്ഥാനാർത്ഥിയായിരുന്നു. മേയർ സ്ഥാനാർത്ഥിയായും പരിഗണിച്ചിരുന്നെങ്കിലും കോൺഗ്രസിലെ മേരി പുഷ്പത്തോട് പരാജയപ്പെട്ടു. തിരുവനന്തപുരം മഹാത്മഗാന്ധി കോളേജിൽ മലയാളം അസോസിയേറ്റ് പ്രൊഫസറായിരുന്നു. ആൾ കേരള പ്രൈവറ്റ് കേരള ടീച്ചേഴ്സ് അസോസിയേഷന്റെ ആദ്യ വനിതാ പ്രസിഡന്റ്, കോളേജ്, സർവകലാശാലാ അദ്ധ്യാപകരുടെ ദേശീയസംഘടനയായ ഐ ഫെറ്റോയുടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ സെക്രട്ടറി, കേരള സർവകലാശാലാ സെനറ്റംഗം, മലയാളം സർവകലാശാലാ സിൻഡിക്കേറ്റംഗം, എം.ജി സർവകലാശാലാ അക്കാഡമിക് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ച ഇവർ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയാണിപ്പോൾ.

തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ ഡയറക്ടർ ജനറലായി പ്രമുഖ ചരിത്രകാരനും അദ്ധ്യാപകനുമായിരുന്ന ഡോ.എം.ആർ. രാഘവവാര്യർക്ക് പുനർനിയമനം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ഓയിൽപാം ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡംഗവും മാനേജിംഗ് ഡയറക്ടറുമായി ജോൺ സെബാസ്റ്റ്യനെ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും.

ഹൈക്കോടതി ഗവ. പ്ലീഡറായി എറണാകുളം കുമ്പളം സ്വദേശി എം. രാജീവിനെ നിയമിക്കും.

കോട്ടയം ജില്ലാ ഗവ. പ്ലീഡ‌ർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ ആയി ആർപ്പൂക്കര സ്വദേശി സണ്ണി ജോർജ് ചാത്തുക്കുളത്തെ നിയമിക്കാനും തീരുമാനിച്ചു.

Advertisement
Advertisement