ഏകാദ്ധ്യാപകർ തൂപ്പുകാരായെങ്കിലും സ്ഥിരനിയമനത്തിൽ സന്തോഷം

Friday 03 June 2022 2:15 AM IST

ഉഷാകുമാരി

തിരുവനന്തപുരം: ഇരുപത്തിനാലു വർഷം അമ്പൂരി കുന്നത്തുമല അഗസ്ത്യ ഏകാദ്ധ്യാപക വിദ്യാലയത്തിൽ ടീച്ചറായിരുന്ന ഉഷാ കുമാരി ജൂൺ ഒന്നു മുതൽ പേരൂർക്കട എച്ച്.എസ്.എസിലെ തൂപ്പുകാരിയാണ്. സംസ്ഥാനത്തെ 272 ഏകാദ്ധ്യാപക വിദ്യാലയങ്ങൾ മാർച്ച് 31ന് സർക്കാർ പൂട്ടിയതിനെ തുടർന്നാണ് ആദിവാസികളുൾപ്പെടെ പിന്നാക്ക മേഖലകളിൽ അക്ഷര വെളിച്ചം പകർന്ന ഉഷാകുമാരിയെപ്പോലുള്ള അദ്ധ്യാപകർ തൂപ്പുകാരായത്. എല്ലാവർക്കും സ്ഥിര നിയമനമാണ്.

ജോലി ചെയ്യാൻ ബുദ്ധിമുട്ടില്ലെങ്കിലും ചെറിയ വിഷമമുണ്ടെന്ന് പറയുമ്പോൾ ഉഷ ടീച്ചറുടെ വാക്കുകൾ ഇടറി. 'ഇത്രയും നാൾ ഞങ്ങൾ കഷ്ടപ്പെട്ടത് സർക്കാരിനു വേണ്ടി കൂടിയായിരുന്നു. സ്ഥിരനിയമനം കിട്ടിയതാ നേട്ടം. രണ്ട് മണിക്കൂർ നടന്നും പിന്നെ വള്ളത്തിലും ആറ്റിനക്കരെ പോയാണ് കുട്ടികളെ പഠിപ്പിച്ചത്. സ്കൂളും പരിസരവും വൃത്തിയാക്കി. കഞ്ഞി വയ്ക്കാൻ ആൾ വരാത്തപ്പോൾ അതും ചെയ്തു. പ്രഥമാദ്ധ്യാപികയുടെയും ക്ളാസ് ടീച്ചറിന്റെയും അറ്റൻഡറുടെയും ക്ളീനിംഗ് സ്റ്റാഫിന്റെയുമൊക്കെ ജോലി നോക്കിയവരാണ് ഞങ്ങൾ. ആദിവാസി കുട്ടികളെ അക്ഷരം പഠിപ്പിച്ചതിന് മികച്ച അദ്ധ്യാപികയ്‌ക്കുള്ള ബഹുമതിയും ഉഷ നേടിയിട്ടുണ്ട്.

അദ്ധ്വാനിച്ച് ജീവിക്കണമെന്നാണ് കൂലിപ്പണിക്കാരനായ ഭർത്താവ് മോഹനൻ പറഞ്ഞത്. ഡി.എഡ് വിദ്യാർത്ഥി മോനിഷ് മോഹനനും ഫ്രീലാൻസ് ഫോട്ടോ ജേർണലിസ്റ്റായ രേഷ്‌മ മോഹനുമാണ് മക്കൾ.

ഏകാദ്ധ്യാപക വിദ്യാലയം പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട 344പേരെയും (കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ രണ്ട് അദ്ധ്യാപകരുണ്ടാകും) പാർട്ട് ടൈം, ഫുൾ ടൈം തൂപ്പുജോലിക്കാരായാണ് സ്ഥിര നിയമനം നൽകിയത്. അൻപതു പേർ ജോയിൻ ചെയ്തു. തിരുവനന്തപുരം ജില്ലയിൽ പതിന്നാല് അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. 54കാരിയായ ഉഷാ കുമാരിക്ക് സർക്കാർ പെൻഷൻ ലഭിക്കില്ല. ഇവർക്ക് അഞ്ച് വർഷത്തെ സർവീസേ ഉള്ളൂ. ഇരുപത് വർഷം സർവീസ് ഉള്ളവർക്കാണ് പെൻഷന് അർഹത. പെൻഷൻ നൽകണമെന്നാണ് ഉഷയുടെ അപേക്ഷ.

അദ്ധ്യാപകരാകാനുള്ള യോഗ്യത അവർക്കില്ല. പക്ഷേ അവർ വലിയ സേവനമാണ് നടത്തിയത്. അത് കണക്കിലെടുത്താണ് ഗവൺമെന്റ് പ്രത്യേക അധികാരം ഉപയോഗിച്ച് സ്വീപ്പറായി സ്ഥിരനിയമനം നൽകിയത്. ജോലിക്ക് കയറിയ പലരെയും ഞാൻ കണ്ടു. അവർ സന്തുഷ്ടരാണ്. സ്ഥിരം ജോലി കിട്ടി എന്നാണ് അവർ പറഞ്ഞത്.

--മുഹമ്മദ് ഹനീഷ്

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി

Advertisement
Advertisement