ശമ്പളം നൽകാൻ 82 കോടി വേണം, വഴികാണാതെ കെ.എസ്.ആർ.ടി.സി, യൂണിയനുകൾ ചർച്ച ബഹിഷ്കരിച്ചു

Saturday 04 June 2022 2:59 AM IST

തിരുവനന്തപുരം: കഴിഞ്ഞ മാസത്തെ ടിക്കറ്റ് വരുമാനമായി 193 കോടി കിട്ടിയെങ്കിലും ശമ്പളം വൈകുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ്. കഴിഞ്ഞതവണ ശമ്പളം നൽകാൻ എടുത്ത ഓവർഡ്രാഫ്റ്റ്, വായ്പ, ഡീസൽ എന്നിവയ്ക്ക് പണമടച്ച് കഴിഞ്ഞപ്പോൾ കളക്ഷൻ കാലിയായി. 46 കോടി ഓവർഡ്രാഫ്റ്റിനും 90 കോടി ഡീസലിനും അടയ്‌ക്കേണ്ടിവന്നു. എണ്ണക്കമ്പനികൾ കൂടുതൽ കടം നൽകുന്നില്ല.
65 കോടി രൂപ ആവശ്യപ്പെട്ട് സർക്കാരിന് രണ്ടാഴ്ച മുമ്പ് കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. തൊഴിലാളികളുമായുള്ള ധാരണ അനുസരിച്ച് എല്ലാ മാസവും അഞ്ചിന് ശമ്പളം നൽകേണ്ടതാണ്. നിലവിലെ സാഹചര്യത്തിൽ ശമ്പളം വൈകുമെന്ന് മാനേജ്‌മെന്റ് തൊഴിലാളി സംഘടനകളെ അറിയിച്ചു. ഇതേത്തുടർന്ന് സി.ഐ.ടി.യു, ടി.ഡി.എഫ്, ബി.എം.എസ് യൂണിയനുകൾ മാനേജ്‌മെന്റുമായി നടത്തിയ ചർച്ച ബഹിഷ്‌കരിച്ചു. ശമ്പളം എന്നു നൽകാൻ കഴിയുമെന്ന് അറിയിച്ചിട്ട് ചർച്ചയാകാം എന്ന നിലപാടിലാണ് സംഘടനകൾ. തിങ്കളാഴ്ച മുതൽ ചീഫ് ഓഫീസിന് മുന്നിൽ സി.ഐ.ടി.യു പ്രതിഷേധം തുടങ്ങും. ഈ മാസത്തെ ശമ്പളവിതരണത്തിന് 82 കോടി രൂപയാണ് വേണ്ടത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 20ന് ശേഷമാണ് ശമ്പളം നൽകിയത്. കഴിഞ്ഞതവണത്തെ ശമ്പളവിതരണത്തിന് സർക്കാർ രണ്ടുതവണയായി നൽകിയ 50 കോടി രൂപയാണ് വിനിയോഗിച്ചത്. പ്രതിദിനവരുമാനം 6.50 കോടി പിന്നിട്ട സ്ഥിതിക്ക് വരുമാനത്തിൽ നിന്നു ശമ്പളം നൽകണമെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകൾ. കൺസോർഷ്യം വായ്പാ തിരിച്ചടവിനുള്ള 30 കോടി രൂപ നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇത്തവണ ഈ തുകയും അനുവദിച്ചിട്ടില്ല. അഞ്ചിന് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞമാസം ജീവനക്കാർ പണിമുടക്കിയിരുന്നു.

Advertisement
Advertisement