മന്ത്രി വീണയുടെ പേരിലും പണം തട്ടിപ്പിന് ശ്രമം

Saturday 04 June 2022 12:00 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ പി.രാജീവിന്റെയും കെ.എൻ.ബാലഗോപാലിന്റെയും പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ചതിനു പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേരിലും സമാനമായ തട്ടിപ്പിന് ശ്രമം. മന്ത്റിയുടെ ഫോട്ടോയാണ് വാട്സ്ആപ്പ് ഡി.പിയായി നൽകിയിരുന്നത്. ഇതിലൂടെ ആരോഗ്യ വകുപ്പിലെ ഡോക്ടറോട് പണം ആവശ്യപ്പെടുകയായിരുന്നു. താനൊരു നിർണായക യോഗത്തിലാണെന്നും സംസാരിക്കാൻ പറ്റില്ലെന്നുമായിരുന്നു ആദ്യസന്ദേശം. തുടർന്ന് തനിക്കൊരു സഹായം വേണമെന്നും ആമസോൺ പേ ഗിഫ്റ്റ് പരിചയമുണ്ടോയെന്നും ചോദിച്ചു. ഇതോടെ സംശയം തോന്നിയ ഡോക്ടർ മന്ത്രിയുടെ ഓഫീസിൽ വിവരമറിയിച്ചു. പിന്നാലെ മന്ത്രി പൊലീസിൽ പരാതി നൽകി.

അടുത്തിടെ മന്ത്റിമാരുടെ പേരിൽ വ്യാജ വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ ആരംഭിച്ച് പണം തട്ടാനുള്ള ശ്രമമുണ്ട്. നൈജീരിയൻ സംഘമാണ് ഇതിനു പിന്നിലെന്ന് പൊലീസ് പറയുന്നു. സൈബർ തട്ടിപ്പുകാരായ ഉത്തരേന്ത്യയിലെ ജാംതാര സംഘവുമായി ഇവർക്ക് ബന്ധമുണ്ട്. ധനമന്ത്രിയുടെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച ഉത്തർപ്രദേശിലെ വാട്ട്സ് ആപ്പ് നമ്പർ സ്വിച്ച് ഓഫ് ആണ്. സർക്കാർ വെബ്‌സൈ​റ്റിൽ നിന്നാണ് മന്ത്റിമാരുടെയും ജീവനക്കാരുടെയും നമ്പർ ശേഖരിക്കുന്നത്. സംസ്ഥാന ഹൈടെക് സെൽ അന്വേഷിക്കുന്നുണ്ട്.

Advertisement
Advertisement