നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് ഹൈക്കോടതി ജൂലായ് 15വരെ സമയം നീട്ടി

Saturday 04 June 2022 12:00 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി ജൂലായ് 15 വരെ സമയം നീട്ടി നൽകി. അന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി സമയം തേടി ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിധി പറഞ്ഞത്.

നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് തുടരന്വേഷണം ആരംഭിച്ചത്. ഏപ്രിൽ 15നകം തുടരന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞതോടെ ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ മേയ് 30വരെ സമയം നീട്ടി. എന്നിട്ടും അന്വേഷണം പൂർത്തിയായില്ലെന്ന് വ്യക്തമാക്കിയാണ് അന്വേഷണസംഘം ഹൈക്കോടതിയെ വീണ്ടും സമീപിച്ചത്.

അന്വേഷണസംഘത്തിന്റെ വിശദീകരണവും കേസിന്റെ സാഹചര്യവും കണക്കിലെടുത്ത് സമയം നീട്ടിനൽകണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കുകയാണെന്ന് ഹൈക്കോടതി പറഞ്ഞു. വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച സമയ പരിധി കഴിഞ്ഞു. ഈ സാഹചര്യത്തിൽ തുടരന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും വിധിയിൽ പറയുന്നു.

ക്രൈംബ്രാഞ്ചിന്റെ

വാദം

₹ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയായിട്ടില്ല

₹ഫോറൻസിക് പരിശോധനാഫലങ്ങൾ ലഭിക്കാനുണ്ട്

₹രണ്ടു മൊബൈലുകൾ കൂടി കണ്ടെടുക്കണം

₹കുറെ സാക്ഷികളെക്കൂടി ചോദ്യം ചെയ്യണം

₹മെമ്മറികാർഡിന്റെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണം

₹ആറ് ശബ്ദസാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്

ദിലീപിന്റെ

എതിർവാദം

₹മൊബൈലിലെ സ്വകാര്യവും വ്യക്തിപരവുമായ വിവരങ്ങൾ അന്വേഷിക്കുന്നു

₹ഫോറൻസിക് പരിശോധനാഫലം അന്വേഷണസംഘം വൈകിപ്പിക്കുകയാണ്

₹ഫോണുകളിലെ വിവരങ്ങളെല്ലാം ശേഖരിച്ചെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു

₹മൊബൈലുകൾ കണ്ടെടുക്കണമെന്ന ആവശ്യം ഇതിനാൽ അപ്രസക്തം

₹കോടതിയിലുള്ള മെമ്മറി കാർഡിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് അന്വേഷിക്കാനാവില്ല

₹കോടതിയെ അപകീർത്തിപ്പെടുത്താനാണ് ഇത്തരം ആരോപണങ്ങൾ

Advertisement
Advertisement