ആർക്കും സച്ചിനാകാൻ സാധിക്കില്ല, അർജുന് പോലും; മുൻ ഇന്ത്യൻ താരത്തിന്റെ മകന് നൽകുന്ന അമിത വാർത്താ പ്രാധാന്യത്തിനെതിരെ കപിൽദേവ്

Saturday 04 June 2022 7:40 PM IST

മുംബയ്: സച്ചിൻ ടെൻഡുൽക്കറിന്റെ മകൻ അർജുൻ ടെൻഡുൽക്കർ ഇപ്പോൾ തന്റെ കളി ആസ്വദിക്കുകയാണ് വേണ്ടതെന്ന് മുൻ ഇന്ത്യൻ നായകൻ കപിൽദേവ്. അർജുന്റെ പേരിനൊപ്പമുള്ള ടെൻഡുൽക്കർ എന്ന പേര് യുവതാരത്തിന് വലിയ വെല്ലുവിളി ഉയർത്താൻ സാദ്ധ്യതയുണ്ടെന്നും എന്നാൽ അതിൽ തളർന്നു പൊകാതെ സ്വന്തം കളിയിൽ ശ്രദ്ധിച്ച് അത് ആസ്വദിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും കപിൽദേവ് പറഞ്ഞു. സച്ചിൻ നേടിയതിന്റെ പകുതി നേട്ടമെങ്കിലും സ്വന്തമാക്കാൻ അർജുന് സാധിച്ചാൽ തന്നെ അത് വലിയൊരു കാര്യമാണെന്നും സച്ചിൻ ടെൻഡുൽക്കറും അർജുൻ ടെൻഡുൽക്കറും രണ്ടും രണ്ട് വ്യക്തികളാണെന്നും കപിൽദേവ് ഓർമിപ്പിച്ചു.

രാജ്യത്തെ മാദ്ധ്യമങ്ങളും ആരാധകരും അർജുന് അനാവശ്യ സമ്മർദ്ദമാണ് നൽകുന്നതെന്നും അത് ഒഴിവാക്കേണ്ടത് യുവതാരത്തിന്റെ ഭാവിക്ക് അത്യാവശ്യമാണെന്നും കപിൽദേവ് വ്യക്തമാക്കി. മറ്റൊരു സച്ചിൻ ടെൻഡുൽക്കർ ആകാൻ ഇനിയാർക്കും സാധിക്കില്ലെന്നും അർജുന് പോലും അതിന് കഴിയില്ലെന്നും കപിൽദേവ് പറഞ്ഞു. ബ്രാഡ്മാന്റെ മകൻ പോലും ക്രിക്കറ്റ് കരിയർ ആരംഭിച്ചപ്പോൾ സ്വന്തം പേരിന്റെ കൂടെയുണ്ടായിരുന്ന ബ്രാഡ്മാൻ എന്ന പേര് മാറ്റിയെന്നും മാദ്ധ്യമങ്ങളും ആരാധകരും നൽകിയ സമ്മർദ്ദം കാരണമാണ് അദ്ദേഹം അത് ചെയ്തതെന്നും കപിൽദേവ് പറഞ്ഞു. അർജുന് നിലവിൽ അതേ അവസ്ഥയിൽ കൂടിയാണ് കടന്നുപോകുന്നതെന്നും കപിൽദേവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഐപിഎല്ലിൽ മുംബയ് ഇന്ത്യൻസ് അർജുൻ ടെൻഡുൽക്കറിനെ 30 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നെങ്കിലും ഒരു കളി പോലും കളിപ്പിച്ചിരുന്നില്ല. ഇതിനെതിരെ ആരാധകരും മാദ്ധ്യമങ്ങളും മുംബയ് ടീം മാനേജ്മെന്റിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനെകുറിച്ച് സച്ചിൻ ടെൻഡുൽക്കറിനോട് ചോദിച്ചപ്പോൾ എന്താണ് വേണ്ടതെന്ന് ടീം മാനേജ്മെന്റിന് അറിയാമെന്നും സീസൺ കഴിഞ്ഞതിനാൽ തന്റെ അഭിപ്രായത്തിന് ഇവിടെ സ്ഥാനമില്ലെന്നുമാണ് മുൻ ഇന്ത്യൻ താരം പ്രതികരിച്ചത്.

Advertisement
Advertisement