യാത്രയ്‌ക്കിടെ ഹൃദയാഘാതം, പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു

Sunday 05 June 2022 12:33 AM IST

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും ചടയമംഗലം മുൻ എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ ചിതറ പ്രയാർ ഹൗസിൽ പ്രയാർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അന്ത്യം.

തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം കടയ്ക്കലേയ്ക്ക് പോകവേ വട്ടപ്പാറയ്ക്ക് സമീപം വച്ചാണ് അസ്വാസ്ഥ്യം ഉണ്ടായത്. ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. തൊട്ടടുത്തുള്ള എസ്.യു.ടി മെഡിക്കൽ കാേളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് കാരണം. ഭൗതികശരീരം രാത്രി ചിതറയിലെ വസതിയിലെത്തിച്ചു.

ഇന്ന് രാവിലെ 10 മുതൽ 11 വരെ കൊല്ലം ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിനുവയ്ക്കും. തുടർന്ന് വിലാപ യാത്രയായി ഇത്തിക്കര,​ ആയൂർ,​ ചടയമംഗലം,​ നിലമേൽ,​കടയ്ക്കൽ വഴി വീട്ടിൽ എത്തിയ്ക്കും. രണ്ടരയോടെ വീട്ടുവളപ്പിൽ സംസ്ഥാന ബഹുമതികളോടെ സംസ്കരിക്കും.

റിട്ട.അദ്ധ്യാപിക എസ്.സുധർമ്മയാണ് ഭാര്യ. ഡോ. റാണി കൃഷ്ണ (കുവൈറ്റ് ), ഡോ. വേണി കൃഷ്ണ (മെഡിസിറ്റി കൊല്ലം ), ഡോ. വിഷ്‌ണു ജി.കൃഷ്ണൻ (ആസ്റ്റർ മെഡിസിറ്റി, കണ്ണൂർ ) എന്നിവർ മക്കളാണ്. മരുമക്കൾ: അരുൺ (എൻജിനീയർ,കാെച്ചി),ഡോ.വിധുപിള്ള (കരുനാഗപ്പള്ളി), പാർവതി

കൃഷ്ണൻ നായരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1949ൽ പ്രയാറിൽ ജനനം.

കൊല്ലം എസ്.എൻ കോളജ് യൂണിയൻ ചെയർമാനായിരുന്നു. മിൽക്ക് സൊസൈറ്റീസ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റാണ്. 1982ൽ മിൽമ ഡയറക്ടർ ബോർഡ് അംഗമായി. 1984 മുതൽ 2001 വരെ ചെയർമാനായിരുന്നു. 2001ൽ ചടയമംഗലം മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. 2015ലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകുന്നത്.

Advertisement
Advertisement