ഭക്ഷ്യവിഷബാധ: ചികിത്സയിലുള്ളത് 15 വിദ്യാർത്ഥികൾ

Sunday 05 June 2022 12:45 AM IST

കായംകുളം: വിഴിഞ്ഞം ഉച്ചക്കടയിലും കായംകുളത്തും കൊട്ടാരക്കരയിലുമായി ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലുള്ളത് 15 വിദ്യാർത്ഥികൾ. കരീലക്കുളങ്ങരയിലുള്ള കായംകുളം ടൗൺ ഗവ. യു.പി സ്‌കൂളിലെ 13ഉം ഉച്ചക്കട എൽ.എം.എസ്.എൽ.പി സ്‌കൂളിലെ രണ്ടും വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. കായംകുളം സ്‌കൂളിലെ ഖദീജ (8), മുസമ്മൽ (9), സിനാൻ (8), അബീസ് (7), സിദാൻ (6), നഹീൽ (10), നൗഫൽ (6), ബിനായ് (9), ഗൗരി ബിനു (6), ഭാഗ്യ (8), ഫിദ ഫാത്തിമ (12), അബിൻഷാ (11), ദേവനന്ദൻ (8) എന്നിവർ താലൂക്ക് ആശുപത്രിയിലാണുള്ളത്.

വെള്ളിയാഴ്‌ച ആഹാരം കഴിച്ച 593 വിദ്യാർത്ഥികളിൽ 36 പേർക്കാണ് അസ്വസ്ഥതയുണ്ടായത്. അദ്ധ്യാപകരും ജീവനക്കാരും ഇതേ ഭക്ഷണം കഴിച്ചിരുന്നതായി ഹെഡ്മിസ്ട്രസ് മിനിമോൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കെ.എസ്.യു, യൂത്ത്കോൺഗ്രസ് പ്രവർത്തകർ കായംകുളം എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു. കൊട്ടാരക്കര കല്ലുവാതുക്കൽ പതിനെട്ടാം നമ്പർ അങ്കണവാടിയിൽ പുഴുവരിച്ച അരിയും പയറും ഉപയോഗിച്ചതാണ് ഭക്ഷ്യവിഷബാധയുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേ അരിയാണ് കഴുകി പാകം ചെയ്യുന്നതെന്ന് ജീവനക്കാർ പറഞ്ഞു. പൊലീസും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി ശേഷിച്ച അരി മുദ്രവച്ചു.

അങ്കണവാടി വർക്കർ ഉഷാകുമാരിഅമ്മ, ഹെൽപ്പർ സജിനാ ബീവി എന്നിവരെ ശിശുവികസന പദ്ധതി ഓഫീസർ സസ്‌പെൻഡ് ചെയ്തു.

ഉച്ചക്കടയിൽ ഭക്ഷണം കഴിച്ചവരും അല്ലാത്തവരുമായ കുട്ടികൾക്കും പനിയും ചർദ്ദിയും വയറിളക്കവുമുൾപ്പെട്ട അസ്വസ്ഥകളുണ്ടായിരുന്നവെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് വൈ.എസ്. സജി പറഞ്ഞു. വൈറസ് ബാധയാണെന്നും സ്കൂളിലെത്താത്ത കുട്ടികൾക്കും സമീപത്തെ മറ്റൊരു സ്കൂളിലുള്ളവർക്കും രോഗം ബാധിച്ചിട്ടുണ്ടെന്നും ബാലരാമപുരം എ.ഇ.ഒ ലീന പറഞ്ഞു.

 കുടിവെള്ളമോ വൻപയറോ വില്ലൻ?

കായംകുളത്ത് കുടിവെള്ളത്തിൽ നിന്നോ വൻപയറിൽ നിന്നോ വിഷബാധയേറ്റതായാണ് സംശയം. സ്‌കൂളിലെ കിണർ ശരിയായി ശുചീകരിച്ചിട്ടില്ലെന്ന് സംശയമുണ്ട്. കുട്ടികൾ ഛർദ്ദിച്ചപ്പോൾ വൻപയർ തോരനാണ് പുറത്തു വന്നത്. മാർക്കറ്റിൽ നിന്ന് വാങ്ങിയ വൻപയറിൽ വിഷാംശം കലർന്നിരിക്കാനുള്ള സാദ്ധ്യതയുമുണ്ട്. ആഹാരത്തിന്റെ സാമ്പിളുകൾ നഗരസഭ ആരോഗ്യ വിഭാഗം ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചതായി നഗരസഭ ചെയർപേഴ്സൺ പി. ശശികല പറഞ്ഞു.

 മധുര പലഹാരത്തിലും കുഴപ്പം?

ഉച്ചക്കടയിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് നൽകിയ ലഡു ഉൾപ്പെടെയുള്ള മധുര പലഹാരത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്നും സംശയമുണ്ട്. ഇതേത്തുടർന്ന് സ്കൂളിലേക്ക് മധുര പലഹാരമെത്തിച്ച ബേക്കറിയിൽ ആരോഗ്യ വിഭാഗം പരിശോധിച്ചു. വൃത്തി ഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച ബേക്കറിക്ക് നോട്ടീസ് നൽകി.

Advertisement
Advertisement