@ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിന്റെ സസ്പെൻഷൻ ഡോക്ടർമാർ പിന്നോട്ടില്ല, പ്രതിഷേധം കടുപ്പിക്കും

Sunday 05 June 2022 12:16 AM IST
strike

കോഴിക്കോട്: മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഡോക്ടർമാർ. സമരം ജില്ലയിലാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുഴുവൻ ആശുപത്രികളിലെയും സ്പെഷ്യാലിറ്റി ഒ.പി ബഹിഷ്കരിക്കും. ചൊവ്വാഴ്ച സർക്കാർ ഡോക്ടർമാർ കൂട്ട അവധി എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, ലേബർ റൂം, അടിയന്തര ശസ്ത്രക്രിയ എന്നിവ ഒഴികെയുള്ള സേവനങ്ങളിൽ നിന്ന് ഡോക്ടർമാർ പൂർണമായും വിട്ടുനിൽക്കും. സൂപ്രണ്ടിന്റെ സസ്പെൻഷനിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ ഇന്നലെ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ടി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്തു. പൊലീസിന്റെ സംരക്ഷണ ചുമതലയിലുള്ള റിമാൻഡ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിൽ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കിയിട്ടും മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കില്ലെന്ന് ഡോ.ടി.എൻ.സുരേഷ് പറഞ്ഞു.

ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സുരക്ഷാ സംവിധാനങ്ങൾ വിപുലീകരിക്കാനും ശ്രമിച്ച സൂപ്രണ്ടിനെ ബലിയാടാക്കി യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ദേശീയ,സംസ്ഥാന തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ നേടിയ മികച്ച അഡ്മിനിസ്ട്രേറ്ററായ ഡോ.കെ.സി.രമേശനെ വിരമിക്കാൻ രണ്ടു മാസം മാത്രം ബാക്കി നിൽക്കെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കുംവരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഡോ.ഷാജി സി.കെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ.സെക്രട്ടറി ഡോ.പി.എസ്.സുനിൽ കുമാർ, ഐ.എം.എ കോഴിക്കോട് സെക്രട്ടറി ഡോ.ശങ്കർ മഹാദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. എൻ. രാജേന്ദ്രൻ, ഡോ.എം.എ.ഷാരോൺ, ഡോ.പി.സലീമ , ഡോ.യു.പി.നൗഷാദ്, ഡോ.സി.ജെ.മൈക്കിൾ, ഡോ. ഷീലാ ഗോപാലകൃഷ്ണൻ, ഡോ.എം.സുജാത, ഡോ.സന്ധ്യ കുറുപ്പ്, ഡോ.സാമുവൽ റോബർട്ട്, ഡോ.സ്മിത റഹ്മാൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഡോ.വിപിൻ വർക്കി സ്വാഗതം പറഞ്ഞു.

നൂറിലധികം ഡോക്ടർമാർ ധർണയിൽ പങ്കെടുത്തു. രോഗി പരിചരണം തടസപ്പെടാതെ ഒ.പി സമയത്തിനുശേഷം ഡ്യൂട്ടിയിലുള്ള ഡോക്ടർമാരെ ഒഴിവാക്കി മൂന്നുമണി മുതലായിരുന്നു ധർണ.

Advertisement
Advertisement