വന്യജീവിശല്യത്തിൽ പൊറുതിമുട്ടി കർഷകർ: കാട്ടിലുള്ളവർ ചില്ലറക്കാരല്ല

Sunday 05 June 2022 1:23 AM IST

മലപ്പുറം: മലയോര പ്രദേശങ്ങളിലും വനാതിർത്തികളിലുമായി താമസിക്കുന്നവരുടേയും കൃഷി ചെയ്യുന്നവരുടേയും പ്രധാന ആശങ്കയായ വന്യജീവി ശല്യത്തിന് ഇപ്പോഴും ശാശ്വത പരിഹാരമായിട്ടില്ല. രാത്രിയിലെത്തുന്ന കാട്ടാനകളും മറ്റും കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് ദിവസം തോറും വർദ്ധിക്കുകയാണ്. ജില്ലയിൽ വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കണക്കും ഞെട്ടിപ്പിക്കുന്നതാണ്. ഒരു വർഷത്തിൽ അഞ്ചിൽ കൂടുതൽ മനുഷ്യർ മൃഗങ്ങളുടെ ആക്രമണത്തിൽ ജില്ലയിൽ മരണപ്പെടുന്നുണ്ടെന്നാണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നത്. മൃഗങ്ങളുടെ ആക്രമണത്തിൽ പരിക്ക് പറ്റി കിടപ്പിലാവുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. എന്നാൽ മലയോര നിവാസികൾ നഷ്ടം സഹിച്ച് ഉപജീവനത്തിനായി വീണ്ടും കൃഷി ചെയ്യുന്ന സ്ഥിയാണുള്ളത്.

എടവണ്ണ നിലമ്പൂർ ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലും സ്ഥിതി സമാനമാണ്. ഫെൻസിംഗ് സംവിധാനങ്ങളുണ്ടായിട്ടും വന്യജീവി ആക്രമണത്തിന് കുറവില്ലാത്തത് ഫോറസ്റ്റ് അധികൃതർക്കും തലവേദനയാവുന്നുണ്ട്. കർഷകർക്ക് ആകെയുള്ള ആശ്വാസം വിളനാശത്തിന് സർക്കാരിൽ നിന്ന് കിട്ടുന്ന നഷ്ടപരിഹാര തുക മാത്രമാണ്. എന്നാൽ ചെറിയ രൂപത്തിൽ കൃഷി ചെയ്യുന്നവർക്ക് നഷ്ടപരിഹാരവും ലഭിക്കില്ല. അപേക്ഷ സമർപ്പിച്ചതിന് ശേഷം നഷ്ടപരിഹാര തുകക്കായി മാസങ്ങളോളം കാത്തിരിക്കുകയും വേണം. പാട്ടത്തിനെടുത്തും കടം വാങ്ങിയും വലിയ കൃഷിയിടങ്ങളൊരുക്കുന്നവരെയാണ് വിളനാശം സാമ്പത്തികമായി കൂടുതൽ ബാധിക്കുന്നത്.

വിളനാശം കൂടി അപേക്ഷയും

വിളനാശം കാരണം നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകളും ഓരോ വർഷം കൂടുകയാണ്. 2016-17ൽ 212 അപേക്ഷകളാണ് ലഭിച്ചിരുന്നതെങ്കിൽ 2021-22ൽ പതിന്മടങ്ങ് വർദ്ധിച്ച് 528ഓളം അപേക്ഷകളാണ് സർക്കാരിൽ എത്തിയിട്ടുള്ളത്. 2017ൽ 398, 2018-2019 വർഷത്തിൽ 341, 2020-2021 വർഷത്തിൽ 858 അപേക്ഷകളുമാണ് ഇതുവരെ ജില്ലയിൽ നഷ്ടപരിഹാരത്തിനായി അംഗീകരിച്ച അപേക്ഷകളുടെ എണ്ണം. വർഷക്കാലവും എത്തുന്നതോടെ എണ്ണം ഇനിയും ഇരട്ടിക്കാനാണ് സാദ്ധ്യത.

ഹാഗിംഗ് സോളാറിലാണ് പ്രതീക്ഷ

ഫെൻസിംഗ് രീതി വിപുലീകരിച്ച് കൃഷിനാശം കുറക്കാനായി ഹാഗിംഗ് സോളാർ സംവിധാനം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്. നിലമ്പൂർ നോർത്ത് ഡിവിഷനിൽ മാത്രം 42 കിലോമീറ്റർ പരിധിയിൽ ഹാഗിംഗ് സോളാർ സ്ഥാപിച്ചേക്കും. സാധാരണ ഫെൻസിംഗിനേക്കാളും ഇരട്ടി പ്രതിരോധമുള്ളതാണ് ഹാഗിംഗ് സോളാർ. പെട്ടെന്ന് ഷോക്കടിക്കുന്ന സംവിധാനമായതിനാൽ ആനകളുടേയും കാട്ടുപന്നികളുടേയും ശല്യത്തിന് കുറവ് വരുമെന്നാണ് പ്രതീക്ഷ. ഹാംഗിഗ് സോളാർ സംവിധാനത്തിനായി നബാർഡിലേക്ക് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് പ്രൊപോസൽ സമർപ്പിച്ചിട്ടുണ്ട്.

വന്യജീവി ആക്രമണത്തിൽ

(വർഷം,​ മരിച്ചവർ,​ വിളനാശം)​

2016-2017 -12 - 163

2017-2018 -11 - 285

2018-2019 - 11 - 282

2019-2020 - 7 - 254
2020-2021 - 8 - 307

2021-2022 - 17 - 420

ആകെ മരിച്ചവർ- 66

Advertisement
Advertisement