സംസ്ഥാന കോളേജ് ഗെയിംസ് ഓംകാർ നാഥും ഭവികയും അതിവേഗക്കാർ

Monday 06 June 2022 12:35 AM IST

കൊച്ചി: സംസ്ഥാന കോളേജ് ഗെയിംസിൽ കോതമംഗലം എം.എ കോളേജിന്റെ ഓംകാർ നാഥും എറണാകുളം മഹാരാജാസ് കോളേജിന്റെ വി.എസ്.ഭവികയും അതിവേഗതാരങ്ങളായി. സ്വർണം നേടിയ കോളേജ് റിലേ ടീമിലും ഇരുവരും ഭാഗമായി. പുരുഷന്മാരുടെ നൂറ് മീറ്റർ ഓട്ടമത്സരത്തിൽ 11മിനിട്ടിൽ ഓംകാർ ലൈൻ തൊട്ടു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ സച്ചു ജോർജിനാണ് (11.4) വെള്ളി. എം.എ കോളേജിന്റെ മുഹമ്മദ് ഷഫ്ബൂബിനാണ് (11.7) വെങ്കലം. 12.4 സെക്കൻഡിലായിരുന്നു ഭവികയുടെ ഫിനിഷിംഗ്. എം.എ. കോളേജിന്റെ മൃദുല മരിയ ബാബുവിനാണ് വെള്ളി. 12.6. 12.8 സെക്കൻഡിൽ ബ്രണ്ണൻ കോളേജിന്റെ അനു ജോസഫ് മൂന്നാമതായി ഫിനിഷ് ചെയ്തു.

അതേസമയം, ഓഫ് സീസണിലും താരങ്ങൾ മിന്നും പ്രകടനം പുറത്തെടുത്തതോടെ സംസ്ഥാന കോളേജ് ഗെയിംസ് ഓവറോൾ ചാമ്പ്യൻഷിപ്പ് പോരാട്ടം കടുത്തു. മേള ഇന്ന് കൊടിയിറങ്ങാനിരിക്കെ സ്വർണക്കപ്പ് ആരുയർത്തുമെന്നത് പ്രവചനാതീതമായി. അത്‌ലറ്റിക്‌സിന് പുറമെ ഫുട്‌ബാൾ, വോളിബാൾ, ബാസ്‌ക്കറ്റ്‌ബാൾ, ബാഡ്മിന്റൺ, റസ്‌ലിംഗ്, ബോക്‌സിംഗ് ഇനങ്ങളിലും ഗെയിംസിൽ മത്സരമുണ്ട്. ഈ മത്സരങ്ങളിൽ നേടിയ പോയിന്റുകൾ കൂടി പരിഗണിച്ചാകും ഓവറോൾ ചാമ്പ്യൻമാരെ നിശ്ചയിക്കുക. അത്‌ലറ്റിക്‌സിൽ നിലവിലെ ചാമ്പ്യന്മാരായ കോതംമംഗലം എം.എ കോളേജ് കിരീടം ഉറപ്പാക്കി. ഇന്നലെ നടന്ന 16 ഫൈനലുകളിൽ ഒമ്പതിലും എം.എ കോളേജ് സ്വർണം നേടി. ആകെ 13 സ്വർണവും 7 വെള്ളിയും 5 വെങ്കലവുമായി 91 പോയിന്റ്. നാല് സ്വർണമുൾപ്പെടെ 46 പോയിന്റുള്ള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ് തൊട്ടുപിന്നിൽ. ചങ്ങനാശേരി അസംപ്ഷൻ കോളേജാണ് മൂന്നാമത്,19 പോയിന്റ്. പുരുഷവിഭാഗം ചാമ്പ്യൻഷിപ്പിലും എം.എ കോളജിന് എതിരാളികളില്ല. രണ്ടാം സ്ഥാനക്കാരായ ക്രൈസ്റ്റ് ബഹുദൂരം പിന്നിലാണ്. ലീഡ് 34 പോയിന്റ്.

വനിതാവിഭാഗത്തിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇരുടീമുകളും തമ്മിൽ 11 പോയിന്റ് മാത്രമേ വ്യത്യാസമുള്ളൂ. ഇരുവിഭാഗത്തിലും കിരീടം നേടിയാൽ എം.എ കോളേജിന് ഗെയിംസ് ഓവറോൾ കിരീടത്തിന് സാദ്ധ്യത കൂടും. അത്‌ലറ്റിക്‌സിൽ ഇന്നലെ ഒരു റെക്കാഡ് മാത്രം. ഹൈജംപിൽ എം.എ കോളജിന്റെ ടി.എൻ. ദിൽഷിതാണ് പുതിയ റെക്കാഡിനുടമ. ആദ്യചാട്ടത്തിൽ തന്നെ 2.06 മീറ്റർ ചാടിയ ദിൽഷിത്ത് 1997ൽ തൃശൂർ സെന്റ് തോമസ് കോളേജിലെ രാജീവ്കുമാർ കുറിച്ച രണ്ട് മീറ്റർ ഉയരവും മറികടന്നു. വനിതാ ഹൈജംപിൽ സ്വർണം നേടിയ എം.എ കോളേജിന്റെ ഗായത്രി ശിവകുമാറും നിലവിലെ റെക്കാഡിനൊപ്പമെത്തുന്ന പ്രകടനം നടത്തി.

Advertisement
Advertisement