ഭക്ഷ്യ വിഷബാധ: സ്കൂളുകളിലെ പാചകപ്പുരയും പാത്രങ്ങളും പരിശോധിക്കും

Monday 06 June 2022 2:03 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്തെയും,കായംകുളത്തെയും ഓരോ സ്കൂളുകളിലും കായംകുളത്ത് അങ്കണവാടിയിലും ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിൽ, ഇന്ന് മുതൽ ജില്ലകളിലെ നൂൺ മീൽ ഓഫീസർമാരും സൂപ്പർവൈസർമാരും ഉപജില്ലാ നൂൺ മീൽ ഓഫീസർമാരും സ്‌കൂളുകളിലെ പാചകപ്പുര, പാത്രങ്ങൾ,വാട്ടർ ടാങ്ക്, ടോയ് ലറ്റുകൾ, ഉച്ചഭക്ഷണ സാമഗ്രികൾ തുടങ്ങിയവ പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ സ്‌കൂളുകളിലെയും കുടിവെള്ള പരിശോധന നടക്കും.

. വെള്ളിയാഴ്ച കൊതുകിന്റെ ഉറവിട നശീകരണ ദിനമായി ആചരിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിച്ച് ആഹാരത്തിന്റെ ഗുണനിലവാരം വിലയിരുത്തും.പൊതുവിദ്യാഭ്യാസ, ഭക്ഷ്യസുരക്ഷ, സിവിൽ സപ്ലൈസ്, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ സംയുക്ത പരിശോധന നടത്തും. വിദ്യാർത്ഥികൾക്ക് ശുചിത്വ ബോധവത്കരണം നൽകും. പാചകത്തൊഴിലാളികൾക്ക് ഫുഡ് സേഫ്ടി വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശീലനം നൽകും.

തിരുവനന്തപുരത്തെ ഉച്ചക്കട എൽ.എം.എസ് എൽ.പി.എസ്, കായംകുളം ടൗൺ ഗവ. യു.പി.എസ്, കാസർകോട് പടന്നക്കാട് ഗവ. എൽ.പി.എസ് എന്നിവിടങ്ങളിലെ ഭക്ഷണ സാമ്പിൾ പരിശോധനാ ഫലവും ആരോഗ്യവകുപ്പ് ശേഖരിച്ച സാമ്പിളുകളുടെ ഫലവും അഞ്ചു ദിവസത്തിനകം ലഭ്യമാകും. അരിയുടെ ഗുണമേന്മക്കുറവ് കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

മാർഗനിർദ്ദേശങ്ങൾ

.₹ഉച്ചഭക്ഷണം തയാറാക്കുന്ന ഇടം വൃത്തിയുള്ളതായിരിക്കണം

.₹അരിയോ മറ്റ് ഭക്ഷ്യോത്പന്നങ്ങളോ നിലവാരക്കുറവുള്ളതാണെങ്കിൽ മടക്കി നൽകണം

₹ബാക്കി വരുന്ന ഭക്ഷണം സൂക്ഷിച്ചു വച്ച് നൽകരുത്. സ്റ്റോർ റൂം വേണം

₹പാചകത്തിനു മുൻപ് തൊഴിലാളികൾ കൈകൾ വൃത്തിയാക്കണം

₹പ്ളാസ്റ്റിക് പാത്രങ്ങളിലോ ഗ്ളാസിലോ ഭക്ഷണം നൽകരുത്.

₹അദ്ധ്യാപകർ ഉച്ചഭക്ഷണം കഴിച്ചുനോക്കിയിട്ടു വേണം കുട്ടികൾക്ക് നൽകാൻ

ഉച്ചക്കട സ്കൂളിൽ നോറോ

വൈറസ് ബാധ

₹5 പേർ കൂടി ചികിത്സ തേടി

വിഴിഞ്ഞം ഉച്ചക്കട എൽ.എം.എസ് സ്കൂളിൽ ലെ ഭക്ഷ്യ വിഷ ബാധയെ തുടർന്ന് ഇന്നലെയും 5 പേർ ചികിത്സ തേടി. ഇതോടെ സ്കൂളിലെ 50 ഓളം പേർ ചികിത്സ തേടിയതായും കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായുംആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇവിടെ ബാധിച്ചത് നോറോ വൈറസ് ബാധയെന്ന് ലാബ് റിപ്പോർട്ടിലൂടെ സ്ഥിരികരിച്ചിരുന്നു. ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ രോഗം കണ്ടെത്തിയ മേഖലകളിൽ ക്ലോറിനേഷനും, ബോധവൽക്കരണ പ്രവർത്തനവും നടത്തി.

. . മലിന ജലം പഴകിയ ഭക്ഷണം എന്നിയിലുടെ പടരുന്ന ഉദര സംബന്ധമായ രോഗമാണ് നോറോ. വൈറസ് ബാധയേറ്റ സ്കൂളിൽ പെപ്പ് ജലമാണ് ഉപയോഗിക്കുന്നത് ഇതിന്റെയും സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. സ്കൂളിൽ നിന്നും ശേഖരിച്ച അരിയുടെയു മസാല ഉൾപ്പെടെയുള്ളവയുടെയും പരിശോധനാ റിപ്പോർട്ട് രണ്ടു ദിവസത്തിനകം കിട്ടും.

ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഇന്ന് മന്ത്രിമാരായ വി. ശിവൻകുട്ടി തലസ്ഥാനത്തെയും, ജി.ആർ അനിൽ കോഴിക്കോട്ടെയും സ്കൂളുകളിലെത്തും.

Advertisement
Advertisement