സ്ത്രീ ശാക്തീകരണത്തിന് മോദി സർക്കാർ മാതൃക: കെ.സുരേന്ദ്രൻ

Monday 06 June 2022 4:17 AM IST

കോഴിക്കോട്: തൊഴിലെടുക്കുന്നവരിൽ നിന്ന് തൊഴിൽ ദായകരായ സംരംഭകരായി സ്ത്രീകളെ മാറ്റിയെടുത്ത നരേന്ദ്ര മോദി സർക്കാരാണ് സ്ത്രീ ശാക്തീകരണത്തിന് മാതൃകയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ഭാരതീയ ജനതാ മഹിളാ മോർച്ച സംസ്ഥാന നേതൃസംഗമം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പെൺകുഞ്ഞുങ്ങൾ പിറക്കുമ്പോൾ അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം നൽകുന്നത് മുതൽ നൂറുകണക്കിന്‌ സ്ത്രീ സൗഹൃദ ക്ഷേമപദ്ധതികൾ മോദി സർക്കാർ ആവിഷ്‌കരിച്ചു. 26 ആഴ്ച പ്രസവാവധി പ്രഖ്യാപിച്ച സർക്കാർ റേഷൻ കാർഡുടമകളായി വീട്ടമ്മമാരെ മാറ്റി. സംസ്ഥാന സർക്കാർ തികച്ചും സ്ത്രീവിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. അതിജീവിതയെ അപമാനിതയാക്കുകയാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന അദ്ധ്യക്ഷ അഡ്വ.നിവേദിത സുബ്രഹ്മണ്യൻ അദ്ധ്യക്ഷയായി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദൻ, സംസ്ഥാന സെക്രട്ടറിമാരായ രേണു സുരേഷ്, രാജീ പ്രസാദ്, സംസ്ഥാന വക്താവ് അഡ്വ.ടി.പി.സിന്ധുമോൾ, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്, സിമി മനോജ് , അഡ്വ. രമ്യ മുരളി എന്നിവർ പ്രസംഗിച്ചു. നേതൃസംഗമം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement