88% കൗമാരക്കാരും ഒന്നാംഡോസ് വാക്സിൻ സ്വീകരിച്ചു

Monday 06 June 2022 12:34 AM IST

പാലക്കാട്: സ്‌കൂൾ തുറന്നതോടെ വിദ്യാർത്ഥികൾക്കുള്ള വാക്‌സിനേഷൻ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ ആരോഗ്യം മുൻനിറുത്തി വാക്‌സിനേഷൻ ജില്ലയിൽ പുരോഗമിക്കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ വഴിയാണ് വാക്‌സിനേഷൻ നൽകുന്നത്. കൊവിൻ പോർട്ടൽവഴി രജിസ്റ്റർ ചെയ്‌തോ, നേരിട്ട് വാക്‌സിനേഷൻ സെന്ററിലെത്തി രജിസ്റ്റർ ചെയ്‌തോ വാക്‌സിൻ സ്വീകരിക്കാം. സ്‌കൂൾ ഐ.ഡി കാർഡോ, ആധാർ കാർഡോ കൊണ്ടുപോകണം.

നിലവിൽ ജില്ലയിൽ 15- 17 പ്രായമുള്ള 88 ശതമാനം കുട്ടികൾക്ക് ആദ്യഡോസ് വാക്‌സിനും 53 ശതമാനം കുട്ടികൾക്ക് രണ്ടുഡോസും നൽകി. എന്നാൽ 12 - 14 പ്രായമുള്ള കുട്ടികൾ വാക്‌‌സിൻ സ്വീകരിച്ചത് കുറവാണ്. 25 ശതമാനം കുട്ടികൾക്ക് ആദ്യഡോസും 7.50 ശതമാനം കുട്ടികൾക്ക് രണ്ടാംഡോസുമാണ് നൽകിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ വാക്‌സിനെടുക്കാൻ വിദ്യാർത്ഥികൾ വിമുഖത കാണിക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

 ജില്ലയിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് 16%

ജില്ലയിൽ ഇതുവരെ 16 ശതമാനം പേർ ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിച്ചു. 41,79,379 പേർ രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചു. രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചവർ ഇതോടെ 85 ശതമാനമായതായി. ഒന്ന്, രണ്ട്, ബൂസ്റ്റർ ഡോസ് വാക്‌സിനുകൾ സ്വീകരിച്ചവരിൽ 36,90,862 പേർ കൊവിഷീൽഡും 4,85,787 പേർ കൊവാക്‌സിനും 2,730 പേർ സ്‌പുടിനിക് വാക്‌സിനുമാണ് സ്വീകരിച്ചത്.

18 - 44 ഇടയിൽ പ്രായമുള്ള 10,88,327 പേരാണ് ജില്ലയിലുള്ളത്. ഇതിൽ 99 ശതമാനം (10,80,404) പേർ ഒന്നാംഡോസും 79 ശതമാനം (4,91,087) പേർ രണ്ടുഡോസും സ്വീകരിച്ചു. 45 - 59 ഇടയിൽ പ്രായമുള്ള 6,18,856 പേരിൽ 88 ശതമാനം (5,46,558) പേർ ഒന്നാംഡോസും 4,91,087 പേർ രണ്ടുഡോസും സ്വീകരിച്ചു. 60ന് മുകളിൽ പ്രായമുള്ള 4,39,346 പേർ ഒന്നാംഡോസും 3,97,738 പേർ രണ്ടുഡോസും 41,225 പേർ ബൂസ്റ്റർ ഡോസും സ്വീകരിച്ചിട്ടുണ്ട്. നിലവിൽ കൊവിഡ് കേസുകൾ കൂടുന്നതോടെ എല്ലാവർക്കും രണ്ടുഡോസ് വാക്‌സിൻ ഉറപ്പാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം കൂടുതൽ പേർക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

Advertisement
Advertisement