വടക്കേ ഭഗവതി ക്ഷേത്രത്തിലുണ്ട് ഒരിക്കലും വറ്റാത്ത കിണർ

Monday 06 June 2022 12:08 AM IST
ചെറിയഴീക്കൽ വടക്കേ ക്ഷേത്ര ഭഗവതി നടയിലെ കിണർ.

കരുനാഗപ്പള്ളി: കടത്ത വേനലിൽ പോലും ചെറിയഴീക്കൽ വടക്കേ ഭഗവതി ക്ഷേത്രത്തിലെ കിണറ്റിൽ വെള്ളം വറ്റാറില്ല. കടലിനോട് ചേർന്നാണെങ്കിലും ഉപ്പ് രസമില്ലാത്ത തെളിമയാർന്ന വെള്ളമാണ് കിണറ്റിലുള്ളത്. വേനൽക്കാലത്ത് ക്ഷേത്രക്കിണർ നാട്ടുകാർക്ക് അത്താണിയാണ്. ഒരിറ്റ് വെള്ളത്തിനായി നാട്ടുകാർക്ക് മറ്റെങ്ങും പോകേണ്ടി വരില്ല. അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലെ കിണറുകളിലെ വെള്ളത്തിന് ഉപ്പ് രസമാണ്. അതു കൊണ്ട് തന്നെ നാട്ടുകാർ വീട്ടാവശ്യങ്ങൾക്ക് പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്.

ഉപ്പ് രസമില്ലാത്ത വെള്ളം

വടക്കേ ഭഗവതി ക്ഷേത്രക്കിണറും കടലും തമ്മിൽ നിലവിൽ 50 മീറ്ററിൽ താഴെയാണ് അകലം. കടലിൽ നിന്ന് തിരമാലകൾ കരയിലേക്ക് അടിച്ച് കയറുമ്പോൾ ഉപ്പ് വെള്ളം കിണറിന്റെ വശങ്ങളിൽ പതിക്കാറുണ്ട്. മൺസൂൺ സീസണിൽ ഉപ്പ് വെള്ളം കിണറ്റിലും പതിക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. എന്നിട്ട് പോലും കിണറ്റിലെ വെള്ളത്തിന് ഉപ്പിന്റെ രസമില്ല. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ അപൂർവം വീടുകളിൽ മാത്രമാണ് കിണറുകൾ ഉള്ളത്. ക്ഷേത്ര ആവശ്യങ്ങൾക്കും പൂജകൾക്കുമെല്ലാം ക്ഷേത്രക്കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.

വേനലിൽ നാട്ടുകാർക്ക് ആശ്രയം

നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ചെറിയഴീക്കൽ ക്ഷേത്ര നടയിലെ കിണർ. കിണറിന് വിസ്തൃതി കുറവാണെങ്കിലും 10 തൊടിയുണ്ട്. കടുത്ത വേനലിൽ രണ്ട് തൊടിയോളം വെള്ളം കിണറിൽ കാണുമെന്നാണ് നാട്ടുകാർ പറയുന്നത്. എത്ര വെള്ളം കോരി എടുത്താലും വറ്റാറില്ല. ഉത്സവത്തിന് ക്ഷേത്ര കുടിലുകളിൽ താമസിക്കുന്നവർ കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. സുനാമിയിൽ കിണറ്റിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും വെള്ളത്തിന് രൂചിഭേദം സംഭവിച്ചില്ല. തുടർന്ന് ക്ഷേത്ര ഭരണ സമിതി കിണറിന്റെ ഉൾഭാഗം സിമന്റ് പൂശി സംരക്ഷിച്ചു. ഓച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വെള്ളമാണ് ആലപ്പാട്ടുകാർ ഉപയോഗിക്കുന്നത്. കുടിവെള്ളത്തിന് ക്ഷാമം ഉണ്ടാകുമ്പോൾ ചെറിയഴീക്കൽ വടക്കേ ഭഗവതി ക്ഷേത്രനടയിലെ കിണറ് തന്നെ ആശ്രയം.

Advertisement
Advertisement