എൻ.രാമചന്ദ്രൻ നാടിന്റെ നന്മയ്ക്കായി യത്നിച്ച പത്രപ്രവർത്തകൻ: വി.എം.സുധീരൻ

Monday 06 June 2022 12:36 AM IST

തിരുവനന്തപുരം: കെ.ആർ നാരായണനെയും എ.പി.ജെ അബ്ദുൾ കലാമിനെയും രാഷ്ട്രപതിയാക്കണമെന്ന് ഇന്ത്യയിൽ ആദ്യമായി കേരളകൗമുദി എഡിറ്റോറിയലിലൂടെ ആവശ്യമുയർത്തിയത് എൻ. രാമചന്ദ്രനായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു.

പത്രപ്രവർത്തന രംഗത്തെ കുലപതിയും കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറുമായിരുന്ന എൻ. രാമചന്ദ്രന്റെ എട്ടാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും തിരുവനന്തപുരം പ്രസ് ക്ളബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാർത്ഥ താത്പര്യമില്ലാതെ നാടിന്റെ നന്മയെ മുൻനിറുത്തി പത്രപ്രവർത്തനം നടത്തിയ മഹത് വ്യക്തിയാണ് എൻ. രാമചന്ദ്രൻ. പൊതുജനാഭിപ്രായ രൂപീകരണമാണ് ജനാധിപത്യത്തിന്റെ നെടുംതൂൺ. തന്റെ അഭിപ്രായം ആരുടെ മുന്നിലും തലകുനിക്കാതെ പറയാൻ ധീരത കാണിച്ച വ്യക്തിയായിരുന്നു എൻ. രാമചന്ദ്രൻ. കേരളകൗമുദിയിൽ എൻ. രാമചന്ദ്രന്റെ എഡിറ്റോറിയലുകൾ അന്നത്തെക്കാലത്ത് കേരള സമൂഹം ഉറ്റുനോക്കിയിരുന്നുവെന്നും സുധീരൻ പറഞ്ഞു.

എൻ. രാമചന്ദ്രൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡന്റും കവിയുമായ പ്രഭാവർമ്മ അദ്ധ്യക്ഷനായി. മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ഫൗണ്ടേഷൻ സെക്രട്ടറിയുമായ പി.പി. ജെയിംസ്, സാമൂഹ്യ പ്രവർത്തക കെ. കൃഷ്ണകുമാരി, മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജി. യദുകുല കുമാർ, വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയ ചെയർമാൻ ജി. രാജ്മോഹൻ, മുൻമന്ത്രി ബാബു ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം പ്രസ് ക്ളബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസത്തിൽ നിന്ന് 2019-20, 2020- 21 വർഷങ്ങളിൽ ജേർണലിസത്തിൽ ഒന്നാം റാങ്ക് നേടിയ പ്രമദ മുരളീധരനും ആസിഷ് പി. തോമസിനും വി.എം സുധീരൻ പുരസ്കാരങ്ങൾ നൽകി.

ക്യാപ്ഷൻ: കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറായിരുന്ന എൻ. രാമചന്ദ്രന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു. പി.പി ജെയിംസ്, കെ. കൃഷ്ണകുമാരി, പ്രഭാവർമ്മ, യദുകുലകുമാർ, ബാബുദിവാകരൻ, ജി. രാജ്മോഹൻ തുടങ്ങിയവർ സമീപം

Advertisement
Advertisement