ദേശീയപാത വികസനത്തിന്റെ മറവിൽ വ്യാജരേഖകൾ കാട്ടി മണ്ണ് കടത്ത്

Monday 06 June 2022 1:17 AM IST

കൊല്ലം: ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ മറവിൽ വ്യാജരേഖകൾ കാട്ടി മണ്ണും കെട്ടിടാവശിഷ്ടങ്ങളും വ്യാപകമായി കടത്തുന്നു. ദേശീയപാത അതോറിറ്റി ചുമതലപ്പെടുത്തിയ ഏജൻസി എന്ന വ്യാജേന സമീപിച്ചാണ് ഭൂവുടമകളെ കബിളിപ്പിക്കുന്നത്. ഭൂവുടമകളെ വിശ്വസിപ്പിക്കാൻ ദേശീയപാത അതോററ്റിയുടേതിന് സമാനമായ സീലുകൾ പതിച്ച പേപ്പറുകളും കാണിക്കുന്നുണ്ട്.

നിയമപ്രകാരം ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളും മണ്ണും വൃക്ഷങ്ങളും ദേശീയപാത അതോറിറ്റിക്ക് അവകാശപ്പെട്ടതാണ്. യഥാർത്ഥത്തിൽ ദേശീയപാത അതോറ്റിയാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ടത്.

എന്നാൽ മാനുഷിക പരിഗണനയുടെ പേരിൽ കെട്ടിടങ്ങൾ പൊളിച്ച് പാറയും കട്ടകളും തടി ഉരുപ്പടികളും ഭൂവുടമകൾ തന്നെ എടുത്തുകൊള്ളാൻ ദേശീയപാത അതോറിറ്റി വാക്കാൽ അനുമതി നൽകിയിരുന്നു. ഇതിന്റെ മറവിലാണ് കൊള്ള.

നടക്കുന്നത് കോടികളുടെ കൊള്ള

1. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെയുള്ള പ്രദേശത്ത് പലയിടങ്ങളിലും മണ്ണും കെട്ടിട നിർമ്മാണ സാമഗ്രികളും കടത്തി

2. ഈ ഇനത്തിൽ ഇതിനോടകം കോടികളുടെ കൊള്ളയാണ് നടന്നത്

3. പൊലീസിലും റവന്യൂ വകുപ്പിലും അറിയിച്ചിട്ടും കാര്യമായ ഇടപെടൽ ഇല്ല

4. ഇത്തരം സ്ഥലങ്ങളിൽ പൊലീസ് പട്രോളിംഗും നടക്കുന്നില്ല

5. മണ്ണ് കടത്തുകാർക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് ആക്ഷേപം

പാടങ്ങൾ നികരുന്നു

രാത്രികാലങ്ങളിലാണ് ജെ.സി.ബിയുമായെത്തി മണ്ണ് കടത്തുന്നത്. ഇരട്ടി വിലയ്ക്ക് പാടശേഖരങ്ങളിലാണ് നിക്ഷേപിക്കുന്നത്. ക്രഷറുകൾക്കാണ് പാറ വിൽക്കുന്നത്. ഭൂവുടമകൾക്ക് ഒരുരൂപ പോലും നൽകാതെയാണ് കൊള്ള

ഏറ്റെടുത്ത ഭൂമിയിലെ മണ്ണ് നീക്കാനുള്ള ചുമതല കരാർ കമ്പിനിക്കാണ്. ഇത്തരത്തിൽ മണ്ണ് നീക്കാനും മതിൽ അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് വിൽക്കാനും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.

കരാർ കമ്പിനി അധികൃതർ

Advertisement
Advertisement