താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി സമരത്തിലേക്ക് തുറക്കാതെ പ്രസവ വാർഡ്

Tuesday 07 June 2022 10:48 PM IST

മണ്ണാർക്കാട്: താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡ് അടഞ്ഞുകിടക്കുന്നതിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഇന്ന് ഉപവാസം നടത്താൻ തീരുമാനിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിക്കുള്ളിൽ പ്രസവവാർഡ് തുറന്നില്ലെങ്കിൽ കമ്മിറ്റി പ്രതിനിധികൾ ഉപവാസമിരിക്കുമെന്ന് നഗരസഭ ചെയർമാൻ ഫായിദ ബഷീർ പറഞ്ഞു. എൻ.ഷംസുദ്ദീൻ എം.എൽ.എ സമരം ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ മൂന്നു വർഷത്തിലധികമായി താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന ഗൈനക്കോളജിസ്റ്റുകളായ ഡോക്ടർ കൃഷ്ണനുണ്ണി, ദീപിക എന്നിവരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. പകരമായി എത്തിയ രണ്ട് ഡോക്ടർമാർ അവധിയിൽ പ്രവേശിച്ചു. ഇതേത്തുടർന്ന് പ്രസവ വാർഡ് അടഞ്ഞു കിടക്കുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് ഡോക്ടർമാരെ ആരോഗ്യവകുപ്പ് നിയമിച്ചെങ്കിലും ഇവർക്ക് വേണ്ടത്ര പരിചയസമ്പന്നതയില്ല എന്നത് വീണ്ടും പ്രതിസന്ധിയായി. നിലവിൽ ഒ.പി മാത്രമാണ് ഇവർ നോക്കുന്നത്. അതിനാൽ ഇവിടെ ചികിത്സയിലുള്ള ഗർഭിണികൾ പ്രതിസന്ധിയിലാണ്. ഇതിന് സർക്കാർ അടിയന്തരമായി പരിഹാരം കാണണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും നാടിന്റെ ആവശ്യമെന്നനിലയ്ക്ക് എല്ലാവരും സമരത്തിൽ അണിനിരക്കണമെന്നും കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസവ വാർഡ് തുറക്കാത്തത് സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു.

പ്രതിസന്ധി നേരിട്ടറിയിച്ച് ഗർഭിണികൾ

താലൂക്ക് ആശുപത്രിയിലെത്തിയ അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എയോട് തങ്ങൾ നേരിടുന്ന പ്രതിസന്ധി ഗർഭിണികളും ബന്ധുക്കളും നേരിൽ ബോധ്യപ്പെടുത്തി. പ്രസവ തീയ്യതി അടുക്കാറായ ഗർഭിണികൾക്ക് മുമ്പിലാണ് പ്രസവ വാർഡ് അടച്ചിട്ടിരിക്കുന്നത്. വേദന വന്നാൽ ജില്ലാ ആശുപത്രിയിലേക്ക് പോകാനാണ് തങ്ങളോട് പറയുന്നതെന്നും അത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഗർഭിണികൾ പറഞ്ഞു.

താലൂക്കാശുപത്രിയിലെ സാഹചര്യം മനുഷ്യത്വരഹിതമെന്ന് എം.എൽ.എ

പ്രസവവാർഡ് അടഞ്ഞുകിടക്കുന്ന സാഹചര്യം മനുഷ്യത്വ രഹിതമെന്ന് എൻ.ഷംസുദ്ദീൻ എം.എൽ.എ പറഞ്ഞു. പാവപ്പെട്ട ഗർഭിണികളും അവരുടെ ബന്ധുക്കളും വലിയ വിഷമമാണ് നേരിടുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ വകുപ്പു മന്ത്രിയെയും ഡി.എം.ഒയെയും ബന്ധപ്പെട്ടിരുന്നു. എന്നാൽ പുതുതായി നിയമ്മിച്ച ഡോക്ടർമാർ വേണ്ടത്ര പരിചയസമ്പന്നരല്ല എന്നത് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഉടൻ പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ ജനങ്ങളോടൊപ്പം ശക്തമായ പ്രതിഷേധത്തിന് മുന്നിട്ടിറങ്ങുമെന്നും എം.എൽ.എ മുന്നറിയിപ്പ് നൽകി.

Advertisement
Advertisement